സാമൂഹ്യ ദ്രോഹികളെ, ഇങ്ങനെ ഉണ്ടാക്കുന്ന പണം നിങ്ങൾക്ക് എന്തിനാണ് ഉപകരിക്കുക..

വ്യാജലോട്ടറി നല്‍കി ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് നാലായിരം രൂപ കവര്‍ന്നു. എറണാകുളം കാലടി തോട്ടകം സ്വദേശിയായ സൈമണില്‍ നിന്നാണ് നാലായിരം രൂപ കവര്‍ന്നത്.

ക്യാന്‍സര്‍ രോഗിയായ സൈമണ്‍ ലോട്ടറി വില്‍പനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് വ്യാജലോട്ടറി നല്‍കി ഒരാള്‍ ചതിച്ചത്. കാലടിയിലെ വിവിധ പ്രദേശങ്ങളിലാണ് സൈമണ്‍ ലോട്ടറി വില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒരാള്‍ തനിക്ക് 1000 രൂപ വീതം ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് 4 ടിക്കറ്റുകള്‍ മാറാന്‍ നല്‍കിയത്. സൈമണ്‍ ലോട്ടറി മാറി പണം നല്‍കി. ഇത് ഏജന്‍സിയില്‍ നല്‍കിയപ്പോഴാണ് നമ്പര്‍ തിരുത്തിയ ലോട്ടറിയാണെന്ന് സൈമണ്‍ അറിയുന്നത്.ചുള്ളി സ്വദേശി മോഹനനും സമാനമായ അനുഭവമുണ്ടായി. മോഹനന് നഷ്ടമായത് 1000 രൂപയാണ്.

പ്രായമായ ലോട്ടറി വില്‍പ്പനക്കാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്ന ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജ ലോട്ടറി പെട്ടെന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയാറില്ലെന്നതാണ് ഇതിന് കാരണം. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കാലടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.