നാൽപ്പത്തി അഞ്ച് ദിവസങ്ങൾ, നാല് കൊലപാതകങ്ങൾ : ഇനിയും കൊലപാതകങ്ങളുടെ രാഷ്ട്രീയം പറയാതെ വയ്യ...

കൊച്ചി : നാൽപ്പത്തിയഞ്ച്‌ ദിവസം... നാല്‌ മനുഷ്യജീവനുകൾ... നാലുപേരും സിപിഐ എം പ്രവർത്തകർ. കോൺഗ്രസ്‌, ബിജെപി ഗുണ്ടകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊന്നുകളഞ്ഞത്‌ എല്ലാവർക്കും പ്രിയപ്പെട്ട ഉശിരൻമാരായ നാല്‌ ചെറുപ്പക്കാരെയാണ്‌. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണമാണ്‌ കോൺഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഓഗസ്‌ത്‌ 19ന്‌ കായംകുളത്ത്‌ സിയാദ്‌ എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നായിരുന്നു കോൺഗ്രസ്‌ അവരുടെ ഉന്മൂലത്തിന്റെ രാഷ്‌ട്രീയം ചെറിയ ഇടവേളക്കുശേഷം പുറത്തെടുത്തത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ്‌ കോൺഗ്രസുകാർ വെട്ടിവീഴ്‌ത്തിയത്‌.

‘എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന്  യാചിച്ചിട്ടും  അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നിറകണ്ണുകളോടെ പറഞ്ഞത്‌ കേരളം മുഴുവൻ കണ്ടതാണ്‌.

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർസ്‌റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം  ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്‌. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക്‌ കാല്‌ അടിച്ചൊടിച്ചു.

കൊലപാതകത്തിനുശേഷം രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന മുഖ്യപ്രതി വെറ്റ മുജീബിനെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാമാണ് തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുത്തിയത്.

ഓഗസ്‌ത്‌ 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട്‌ ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗൂണ്ടകൾ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

  തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികൾക്ക്‌ എംപി അടൂർ പ്രകാശുമായുള്ള ബന്ധമടക്കം പുറത്തുവന്നു.

ക്രൂരമായ കൊലപാതങ്ങൾ കണ്ട്‌ തരിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇന്നലെ തൃശ്ശൂർ കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ‐ ബജ്‌റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ കുത്തിക്കൊന്നത്‌.

ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ്‌ കൂലിപ്പണിക്കാരനാണ്‌.

കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവർ. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.

Story : Forty-five days, four murders: Not to mention the politics of murder yet ...