പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസന്‍സ് നഷ്ടമാകും; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ | Helmet

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇത്തരത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.

ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഫൈന്‍ നല്‍കി രക്ഷപ്പെടാനും ഇനി സാധിക്കില്ല. പിഴചുമത്തുന്നതിന് പുറമെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക.

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.

കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് സംസ്ഥാനങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് 500 രൂപയായി കുറച്ചിരുന്നു. അതേസമയം മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല.