സ്മാര്‍ട്ട് ആയ കുട്ടികളില്‍ സംഭവിക്കുന്നത് എന്ത് ? സ്വയം ഒടുങ്ങുന്ന ആധുനിക കുട്ടികളുടെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍...


 

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കൂടുതൽ കുട്ടികളും പഠനത്തിൽ ‘എക്‌സ്‌ട്രാ സ്‌മാർട്ട്‌’ ആയിരുന്നവരെന്ന്‌ പഠനറിപ്പോർട്ട്‌. ഇത്തരം ‘സ്‌മാർട്ട്‌’ കുട്ടികളുടെ ആത്മഹത്യക്ക്‌ പിന്നിൽ പഠനത്തിലെ അതിസമ്മർദമാണ്‌ കുരുക്കൊരുക്കുന്ന പ്രധാനഘടകം. ഒപ്പം മൊബൈൽ ഗെയിമും ഇന്റർനെറ്റ്‌ വിധേയത്വവും കുടുംബപ്രശ്‌നങ്ങളും വില്ലനായി കൂടെയുണ്ട്‌. ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ്‌ ഈ കണ്ടെത്തൽ. 2020 ജനുവരി ഒന്നിനും ജൂലൈ 31നും ഇടയിൽ 18 വയസ്സിന്‌ താഴെയുള്ള 158 കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇതിൽ 50പേർ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയവരാണ്‌. രാഷ്‌ട്രപതിയിൽനിന്ന്‌ അവാർഡ്‌ ലഭിച്ച കുട്ടി, സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌, സ്‌കൂൾ ലീഡർ ഒക്കെ ഇക്കൂട്ടത്തിലുണ്ട്‌. 12പേർ മൊബൈൽ ഫോണിന്റെ അമിതോപയോഗം നൽകിയ മാനസികപ്രശ്‌നങ്ങളെ തുടർന്ന്‌ ജീവനൊടുക്കി. പ്രണയനൈരാശ്യത്തെ തുടർന്ന്‌ ആത്മഹത്യചെയ്‌ത 14ൽ 13 പേരും പെൺകുട്ടികളാണ്‌.

ഉളളം നീറുന്നത്‌ അറിയുന്നുണ്ടോ
നന്നായി പഠിക്കും കൂട്ടുകൂടാനും കളിക്കാനുമെല്ലാം മുമ്പിൽ. ചിരിച്ചും കളിച്ചും നടക്കുന്ന ഈ കുട്ടികളിൽ പലരുടെയും ഉളളം നീറുന്നത്‌ നിങ്ങളറിയുന്നുണ്ടോ. തന്റെ കുട്ടി സെയ്‌ഫാണ്‌ എന്ന്‌ കരുതുന്ന രക്ഷിതാക്കൾ ഓർക്കുക, അവരിൽ പലരും സുരക്ഷിതരല്ല. പല ആത്മഹത്യകളും നമുക്ക്‌ നൽകുന്ന സൂചന അതാണ്‌. ഈയിടെ ജീവനൊടുക്കിയ ഒരുകുട്ടി ഗർഭിണിയായിരുന്നു എന്ന്‌ രക്ഷിതാക്കൾ അറിയുന്നത്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ്‌. 40 കുട്ടികളുടെ ആത്മഹത്യ എന്തിനായിരുന്നു എന്നുപോലും കണ്ടെത്താനുമായില്ല.

കുട്ടികളെ അറിയണം
കുട്ടികളെ ആത്മഹത്യയിൽനിന്ന്‌ മോചിപ്പിക്കാൻ കുടുംബാന്തരീക്ഷം ആദ്യം മാറണം. രക്ഷിതാക്കൾ കുട്ടികളുമായി കൂടുതൽ അടുക്കണം.  അവരുമായി സംസാരിക്കുകയും  പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും വേണം. ആവശ്യമെങ്കിൽ കൗൺസലറുടെയോ മനഃശാസ്‌ത്ര വിദഗ്‌ധന്റെയോ സഹായവും തേടണം.