കണ്ണൂർ : ഡ്രൈവർമാരും യാത്രക്കാരും തലകുലുക്കി സമ്മതിക്കുന്നതാണ‌് ജില്ലയിലെ റോഡുകളുടെ മാറ്റം. കണ്ണഞ്ചിപ്പിക്കുന്ന മാറ്റം റോഡുകളിലെല്ലാം ദൃശ്യം. പ്രളയവും കോവിഡും തീർത്ത പ്രതിസന്ധിക്കിടയിലും നാടിന്റെ വികസനക്കുതിപ്പിന‌് കരുത്തേകാൻ സംസ്ഥാന സർക്കാരിന‌് സാധിച്ചതിന്റെ ഫലമാണിത‌്. പൊതുമരാമത്ത‌് റോഡ‌് വികസനത്തിന‌് 1998 കോടിയാണ‌് ജില്ലക്ക‌് ലഭിച്ചത‌്. പൊതുമരാമത്ത‌് ദേശീയപാത വിഭാഗം മാത്രം നാലരവർഷത്തിനിടെ 300 കോടിയിലേറെ രൂപ അനുവദിച്ചു. 122 കോടി ചെലവഴിച്ച‌് എട്ടുറോഡുകളുടെ നിർമാണം പൂർത്തിയായി. 179 കോടി ചെലവിൽ 10 റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. പൊതുമരാമത്ത‌് വകുപ്പ‌് റോഡ‌്സ‌് വിഭാഗം 2016ന‌് ശേഷം 1698 കോടിയും അനുവദിച്ചു. കിഫ‌്ബിയിൽ ഉൾപ്പെടുത്തി 1145 കോടിയുടെ 30 റോഡ‌് പ്രവൃത്തിക്ക‌് അംഗീകാരം നൽകി. ഇതിൽ മൂന്ന‌് റോഡ് പണി പൂർത്തീകരിച്ചു. 310 കോടിയുടെ 95 പ്രവൃത്തി പൂർത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. നബാർഡിൽ ഉൾപ്പെടുത്തി 15 റോഡുകൾക്ക‌് 88.72 കോടി, പ്രളയപുനരുദ്ധാരണത്തിന്റെ ഭാഗമായി 17 പ്രവൃത്തിക്ക‌് 46 കോടി രൂപ, 310 കോടി രൂപയുടെ 95 പ്രവൃത്തികൾ പൂർത്തിയായി.
ദേശീയപാത വികസനവും യാഥാർഥ്യമാവുന്നു.
ഗതാഗതക്കുരുക്കഴിച്ച‌് അതിവേഗം ലക്ഷ്യത്തിലെത്താനുള്ള ആറുവരി പാതയുടെ നിർമാണം കാസർകോട‌് തലപ്പാടിയിൽനിന്ന‌് ആരംഭിച്ചു. തിരക്ക‌് പിടിച്ച പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയാണ‌് ദേശീയപാത കടന്നുപോവുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാപ്പിനിശേരി‐-കിഴുത്തള്ളി ബൈപാസും കണ്ണൂർ നഗരവികസനത്തിൽ പ്രധാന പങ്കുവഹിക്കും. സ്ഥലമെടുപ്പ‌് ജില്ലയിൽ അവസാനഘട്ടത്തിലാണ‌്. തലശേരി‐മാഹി ബൈപാസിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ‌്. നിലവിൽ 53 ശതമാനം പണി പൂർത്തിയായി. മൂന്നുപതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ ഏറെക്കാലമായി തലശേരി, മാഹി നഗരങ്ങൾ അനുഭവിക്കുന്നഗതാഗതക്കുരുക്കിനും പരിഹാരമാവും.
കണ്ണൂർ നഗര റോഡ‌് വികസനത്തിന‌് 739 കോടി.
ജില്ലയുടെയും കണ്ണൂർ നഗരത്തിന്റെയും പ്രധാന പ്രശ‌്നങ്ങളിലൊന്ന‌് രൂക്ഷമായ ഗതാഗതക്കുരുക്കാണ‌്. ഈ മേഖലയിൽ നാളിതുവരെയുണ്ടായിട്ടില്ലാത്ത ആസൂത്രിതവും സമഗ്രവുമായ വൻകിട പദ്ധതികളാണ് നടപ്പാക്കുന്നത‌്.
കണ്ണൂർ നഗരവുമായി ബന്ധപ്പെട്ട‌് ഗതാഗതമേഖലയിൽ മാത്രം 896.59 കോടി രൂപയുടെ വികസന പദ്ധതികൾക്ക‌് തുടക്കംകുറിച്ചു. 11 നഗരറോഡുകളുടെ വികസനത്തിനുള്ള സിറ്റി റോഡ‌് ഇംപ്രൂവ‌്മെന്റ‌് പദ്ധതിയാണ‌് ഇതിൽ പ്രധാനം. തെക്കിബസാർ മുതൽ ട്രെയിനിങ് സ‌്കൂൾ വരെയുള്ള ഫ‌്ളൈ ഓവർ, മേലെ ചൊവ്വ അണ്ടർപാസ‌് എന്നിവയും കണ്ണൂരിന്റെ റോഡ‌് വികസനത്തിൽ വൻകുതിപ്പുണ്ടാക്കുന്ന പദ്ധതികളാണ‌്.