സ്വപ്ന വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർ ലൂപ്പ് റെഡി, ആദ്യ പരീക്ഷണം വിജയം കണ്ടു.. | Virgin Hyperloop

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിലൂടെ ആദ്യ യാത്ര വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ നടത്തിയ മനുഷ്യരുമായുള്ള ആദ്യയാത്ര പൂര്‍ത്തിയായെന്ന് കമ്പനി അറിയിച്ചു.


നൊവാഡയിലാണ് പരീക്ഷണ ഓട്ടം നടന്നത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയന്‍ എന്നിവരായിരുന്നു ആദ്യ സഞ്ചാരികള്‍. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയിലാണ് ഇവര്‍ സഞ്ചരിച്ചത്.ചരിത്രം എന്റെ കണ്‍മുന്നില്‍ കണ്ടതില്‍ അതിയായ സന്തോഷമെന്നായിരുന്നു വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഡി.പി വേള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞത്.


ദുബായ് ആസ്ഥാനമായ ഡിപി വേള്‍ഡ് പ്രധാന നിക്ഷേപകരായ അമേരിക്കന്‍ കമ്പനി വിര്‍ജിന്‍ ദ ഹൈപ്പര്‍ലൂപ്പിന്റെ നേതൃത്വത്തിലാണ് ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്.


വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തേക്കാള്‍ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പ് ട്രെയിനിന് മണിക്കൂറില്‍ 1223 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. '

കാപ്‌സൂള്‍ ആകൃതിയിലുള്ള പരസ്പരബന്ധമില്ലാത്ത കമ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുണ്ടാകുക. വാക്വം ട്യൂബുകളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ചക്രങ്ങള്‍ ഇല്ലാത്ത വാഹനങ്ങളാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാനഘടകം.

വാക്വം ട്യൂബുകളിലൂടെ യാത്രചെയ്യുന്നതിനാല്‍ വളരെ കുറച്ച് ഊര്‍ജംമാത്രമേ ഇതിന് ആവശ്യമുള്ളൂ. കാലാവസ്ഥാ മാറ്റങ്ങളും വാഹനത്തെ ബാധിക്കില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്.