കോവിഡ് വാക്സിൻ : അടിയന്തിര അനുമതി തേടി 'ഫൈസർ'. | CoViD Vaccine

ബ്രിട്ടനിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെ ഇന്ത്യയിലും കൊവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അടിയന്തിര അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. അനുമതി തേടി ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചു‌.

പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

എന്നാൽ ഫൈസർ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്‌സിനുകൾക്കാണ്‌ സാധാരണ അനുമതി നൽകാറുള്ളത്‌. നിലവിൽ അഞ്ച്‌ വാക്‌സിനുകൾ ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലാണ്‌.

അതേസമയം ഫൈസറിന്‌ അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കൂടാതെ ഉയർന്നവിലയുമാണ്‌. ഇറക്കുമതി ചിലവും വേണ്ടിവരും .

ഇന്ത്യയിൽ ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓസ്ഫോർഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.