കേരളം നടുങ്ങിയ സിസ്റ്റർ അഭയ കേസ് : പ്രതികൾ കുറ്റക്കാർ, വിധി നാളെ..

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സിബിഐ കോടതി വിധി പ്രഖ്യാപിച്ചത്. ജഡ്ജ് സനല്‍ കുമാര്‍ രാവിലെ 11നാണ് കേസില്‍ വിധി പറഞ്ഞത്.

പ്രേസിക്ക്യൂഷന്‍ സാക്ഷികളുടെ മൊ‍ഴി വിശ്വസനീയമാണെന്ന് കോടതി പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജുവിന്‍റെ മൊ‍ഴി കോടതി സ്വീകരിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. കൊലക്കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ശിക്ഷാ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ എന്ന ബീന തോമസിനെ കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ കോട്ടയം ബി സി എം കോളജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താത്ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി വെറുതെ വിട്ടിരുന്നു.