തൃക്കോട്ടൂർ പെരുമ ഇനി ഓർമകളിൽ : യു.എ ഖാദർ വിടവാങ്ങി...

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ഏറെക്കാലം ശ്വാസകോശാർബുദ ബാധിതനായിരുന്ന അദ്ദേഹത്തെ രോഗം ഗുരുതരാവസ്ഥയിൽ കടന്നതോടെ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സ്ഥിതി സങ്കീർണമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയുമായിരുന്നു. 

മലയാള സാഹിത്യ ലോകത്തിന് ഒട്ടേറെ നോവലുകളും ചെറുകഥകളും യാത്രാവിവരണങ്ങളും സമഗ്രസംഭാവന ചെയ്ത യു.എ ഖാദർ 1935ൽ മ്യാൻമറിലെ ബില്ലിനിലാണ് ജനിച്ചത്. കൊയിലാണ്ടി സ്വദേശിയായ മൊയിതൂട്ടി ഹാജിയുടെയും ബർമ്മീസ്കാരിയായ മാമൈദിന്റെയും മകനായ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളോടെ കേരളത്തിലേക്ക് പറിച്ചുനടുകപ്പെടുകയായിരുന്നു. കൊയിലാണ്ടി ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ആർട്സ് കോളേജിൽ നിന്ന് ചിത്രരചനയിൽ ബിരുദം നേടി. പഠന കാലത്ത് കെ.എ കൊടുങ്ങല്ലുർ, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ വ്യക്തികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നീട് വഴിത്തിരിവായി. സി.എച്ച് മുഹമ്മദ് കോയ നൽകിയ വൈക്കം മുഹമ്മദ് ബഷീർ രചിച്ച ബാല്യകാല സഖി എന്ന കൃതിയാണ് വായനയുടെയും രചനയുടെയും ലോകത്തിലേക്ക് യു. എ ഖാദറിനെ കൂട്ടിക്കൊണ്ടുപോയത്.

1952 മുതൽ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന യു.എ ഖാദറിന്റെ ആദ്യ രചനകൾ വന്നിരുന്നത് ആനുകാലിക പ്രസിദ്ധീകരണങ്ങളിലായിരുന്നു. 1983 ൽ തൃക്കോട്ടൂർ പെരുമ എന്ന കഥാസാമാഹരത്തിനും 2000 ൽ അഘോരശിവം എന്ന നോവലിനും 2007 ൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കി. 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനും തൃക്കോട്ടൂർ പെരുമ അർഹമായി. ഇവ കൂടാതെ എസ്.കെ പൊറ്റക്കാട് അവാർഡ്, അബുദാബി ശക്തി അവാർഡ്, വി.ടി സ്മാരക പുരസ്കാരം, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തിലും സംസ്ഥാന ആരോഗ്യ വകുപ്പിലും സേവനമനുഷ്ഠിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണ സമിതികളിലെ ഉപാദ്ധ്യക്ഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗവർണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചു. എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. അവസാനമായി പുറത്തിറങ്ങിയ രചന 2011 ൽ പ്രസിദ്ധീകരിച്ച ശത്രു എന്ന നോവലാണ്. ഓർമകളുടെ പഗോഡ എന്ന പേരിൽ അദ്ദേഹം രചിച്ച യാത്രാവിവരണം 70 വർഷങ്ങൾക്കുശേഷം ജന്മനാടായ മ്യാൻമർ സന്ദർശിച്ചതിതും തുടർന്നുള്ള ഗൃഹാതുരഓർമകളുടെയും സമാഹാരമാണ്. 

 നൊമ്പരപ്പെടുത്തുന്ന വിയോഗം...

ദീർഘമല്ലെങ്കിലും യു.എ ഖാദർ എന്ന വ്യക്തിയുമായി അടുപ്പം സൂക്ഷിച്ചിരുന്നുവെന്ന് സ്റ്റാർകെയർ ഹോസ്പിറ്റൽ മാനേജിംഗ്‌ ഡയറക്ടർ ഡോ. അബ്ദുള്ള ചെറയക്കാട്ട്. പക്ഷേ അസുഖബാധിതനാണെന്ന വിവരം മറ്റു ശ്രോതസുകളിൽ നിന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്. അവസാന നാളുകളിൽ സ്റ്റാർകെയറിൽ തീവ്രപരിചരണത്തിൽ കഴിയുമ്പോൾ ദിവസേന മുടങ്ങാതെ സന്ദർശിക്കുകയും ക്ഷേമമന്വേഷിക്കുകയും മെച്ചപ്പെട്ട പരിചരണത്തിന് വേണ്ടതെല്ലാം ഒരുക്കുകയും ചെയ്തിരുന്നു. രോഗത്തിന്റെ തീവ്രതയെ അറിയുമെങ്കിലും യു. എ ഖാദറിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.