പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് പുറത്തിറക്കി മാരുതി സുസുക്കി, അറിയാം വിശേഷങ്ങള്‍...

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറങ്ങി. സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്‍റെ പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില 5.73 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയാണ്.

കരുത്തുകൂടിയ കെ-സീരിസ് എന്‍ജിനാണ് പരിഷ്‌കരിച്ച പുതിയ സ്വിഫ്റ്റിന്റെ ഹെെലൈറ്റ്. മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇന്ധനക്ഷമത, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും പുതിയ സ്വിഫ്റ്റിനെ വ്യത്യസ്തമാക്കുന്നു.മാനുവല്‍ സംവിധാനത്തിലും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലും കാര്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ മോഡലിന് 23.2 കിലോമീറ്റര്‍ മൈലേജും ഓട്ടോമാറ്റിക് വേര്‍ഷന് 23.76 മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി സുസുക്കി 2005ലാണ് സ്വിഫ്റ്റി ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം ഹാച്ച്‌ബാക്ക് ശ്രേണിയിലെ രാജാവായി സ്വിഫ്റ്റ് മാറുന്ന കാ‍ഴ്ച്ചയാണ് പിന്നീട് കണ്ടത്. സ്വിഫ്റ്റിന്റെ സ്‌പോര്‍ട്‌സ് ലുക്കാണ് വാഹനപ്രേമികളുടെ ഹൃദയം കീ‍ഴടക്കിയത്.

സ്വിഫ്റ്റ് ഇതിനോടകം 24 ലക്ഷം ഉപഭോക്താക്കളെയാണ് ആകര്‍ഷിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.