കോവിഡ് - 19 വാക്സിൻ : ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ എടുത്തവർ മണിക്കൂറുകൾക്കുള്ളിൽ സംഭാവന ചെയ്തത് ലക്ഷങ്ങൾ, വാക്സിന് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്ക് താക്കീതായി കേരള സമൂഹം.

കൊവിഡ് വാക്സിന്‍ എടുത്തവര്‍ ഇപ്പോള്‍ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 55 ലക്ഷത്തോളം രൂപയാണ്. കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നത്. ചലഞ്ചുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയപ്പോള്‍ ഇതുവരെ ലഭിച്ചത് 50 ലക്ഷത്തിലധികം രൂപ.

രണ്ട് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ മലയാളികളെ കൈ പിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനിലുള്ള വിശ്വാസമാണ് ഇതിലൂടെ വീണ്ടും പ്രകടമാകുന്നത്. സോഷ്യല്‍മീഡിയ ചലഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

''ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിന്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മള്‍ ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തില്‍ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മള്‍ കാണേണ്ട ഒരു കാര്യം.

അപ്പോള്‍, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി വാക്‌സിനെടുത്തവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും അധികം പണം നല്‍കിയത്.

സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്.

ഇതിന്റെ മൂര്‍ദ്ധമായ രൂപം, നാളെ ഒന്നുകൂടി ചര്‍ച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യാം. എങ്ങനെയാണ് കുറേക്കൂടി ഫലപ്രദമായി കാര്യങ്ങള്‍ നീക്കാനാവുക എന്നത് നമുക്ക് അതിന്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം നിരവധി പ്രമുഖരാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയ പണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്.