കേരളത്തിൽ കോവിഡ് - 19 വാക്സിൻ സൗജന്യം, കേന്ദ്രം തരുന്നതും നോക്കിയിരിക്കില്ല, വാക്സിൻ വാങ്ങുവാനുള്ള നടപടി ആരംഭിച്ചു : മിണ്ടാനാകാതെ കേന്ദ്രവും ബിജെപി നേതൃത്വവും. വാക്സിന്റെ മൂല്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് പിന്തുണയോടെ ജനങ്ങളും.

ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുകയാണെന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ ആശയക്കുഴപ്പമില്ല.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കേ വാക്സിൻ എടുക്കാനാവൂ. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ എടുത്തവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വാക്സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്. ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം.

അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻ​ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദ​ഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രസ‍ർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടിയന്തരസാഹചര്യം പരി​ഗണിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ അധ്യാപകരെ നിയോ​ഗിച്ചു. രോ​ഗികൾ ക്രമാതീതാമായി ‍വ‍ർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്സിജൻ ലഭ്യമാക്കാൻ സംവിധാനമൊരുക്കി. കോട്ടയത്ത് ഏറെപേർക്ക് കുടുംബത്തിലൂടേയോ ചടങ്ങുകളിൽ പങ്കെടുത്തോ ആണ് വൈറസ് വന്നതെന്ന് വ്യക്തമായി. നിലവിലുള്ള എട്ട് ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തരചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് കൂടുതലായി രോ​ഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യത്തെ ഡോസ് വാക്സിൻ എടുത്തവർ രണ്ടാമത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്.കേരളത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ലതെന്നുമാണ് പഠനങ്ങൾ പറയുന്നത്. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

കൊവിഡ് വാക്സിൻ എടുത്തവർക്കും രോ​ഗബാധയുണ്ടാകുന്നുണ്ടല്ലോ അതിനാൽ വാക്സിൻ എടുക്കേണ്ടതുണ്ടോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്. ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്ന ഈ പ്രതിഭാസം വാക്സിന്റെ കാര്യത്തിൽ മാത്രമല്ല ബാധകം.

വാക്സിൻ എടുത്താലും അപൂർവ്വം ചിലർക്ക് രോ​ഗം വരാം.വാക്സിനുകൾ രോ​ഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും ഇനി രോ​ഗം വന്നാൽ ആരോ​ഗ്യനില ​ഗുരുതരമാകാതിരിക്കാനുള്ള സാധ്യത 95 ശതമാനം വരേയും ഒഴിവാക്കുന്നുണ്ട്. മരണസാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം.

ഇന്ത്യയിൽ ഇതുവരെ നടന്ന കൊവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ പതിനായിരത്തിൽ നാല് പേ‍ർക്ക് മാത്രമാണ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വന്നത്. വാക്സീൻ ലഭ്യമാക്കുന്ന മുറയ്ക്ക് മടി കൂടാതെ അതു സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. വാക്സീൻ എടുത്തു എന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോ​ഗം പിടിപ്പെടാം. രോ​ഗം വന്നില്ലെങ്കിലും അതു പടർത്താൻ അവർക്ക് സാധിക്കും. സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിക്കും വരെ നമ്മൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.