വീണ്ടും ഒരു സംഘപരിവാർ നുണ കൂടി പൊളിയുന്നു : കെ.എം.എം.എല്‍ അടച്ചുപൂട്ടാനല്ല 2015ല്‍ സി.ഐ.ടി.യു സമരം നടത്തിയത്, സ്വകാര്യ വത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ. | KMML Fake News Fact Check

സംസ്ഥാനത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ സപ്ലേ ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്(കെ.എം.എം.എല്‍). 981.84 ടണ്‍ ഓക്‌സിജന്‍ ആരോഗ്യമേഖലയ്ക്കായി കെ.എം.എം.എല്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ ഓക്‌സിജനന്‍ ഉത്പാദനത്തിന്റെ പേരില്‍ സര്‍ക്കാര്‍ പുകഴ്ത്തുന്ന കെ.എം.എം.എല്‍ അടച്ചുപൂട്ടിക്കാന്‍ 2015ല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തിയിരുന്നുവെന്ന് ആരോപിക്കുന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

' ഓക്‌സിജന്‍ ആവശ്യത്തിലധികം കേരളത്തില്‍ കെ.എം.എം.എല്‍ വഴി ഉത്പാദിപ്പിക്കുന്നുവെന്നു ഗീര്‍വാണമടിക്കുന്ന കമ്മികള്‍ അറിയാന്‍ 2015ല്‍ കെ.എം.എം.എല്‍ പൂട്ടിക്കാനന്‍ നിങ്ങള്‍ ചെയ്ത സമരം ' എന്നുള്ള പോസ്റ്റിന്റെ പൂര്‍ണരൂപം.

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA)കണ്ടെത്തി. 

കെ.എം.എം.എല്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് 2015ല്‍ സി.പി.എം സമരം നടത്തിയിട്ടില്ല.


കെ.എം.എം.എല്‍ അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് 2015ല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തിയെന്ന് വാദിക്കുന്ന പോസ്റ്റിനൊപ്പം പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ കെ.എം.എം.എല്‍ സംരക്ഷിക്കുക, ഉപവാസ സമരം എന്നിങ്ങനെയുള്ള പോസ്റ്ററുകള്‍ കാണാന്‍ കഴിഞ്ഞു. എന്നാല്‍ കെ.എം.എം.എല്‍ അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒന്നും കണ്ടെത്താനുമായില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി നടത്തിയ ഗൂഗിള്‍ സര്‍ച്ചില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഇടതുപക്ഷ സംഘടനകള്‍ 2015ല്‍ കെ.എം.എം.എല്ലില്‍ സമരം നടത്തിയതായി വാര്‍ത്തകള്‍ കണ്ടെത്താനായി.

എന്നാല്‍ ഇത് കെ.എം.എം.എല്‍ പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നില്ല സ്വകാര്യവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു സമരം. അനിശ്ചിതകാല റിലേ സത്യാഗ്രഹമായി നടന്ന സമരം 56 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒത്തുതീര്‍പ്പായതെന്നും വാര്‍ത്തകളില്‍ പറയുന്നു.

സമരത്തെക്കുറിച്ച് സി.ഐ.ടി.യു നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയിട്ടുണ്ട്. ദേശാഭിമാനി 2015 മാര്‍ച്ച് 29ന് നല്‍കിയ വാര്‍ത്തയില്‍ 56 ദിവസം പിന്നിട്ട സമരം ഒത്തു തീര്‍പ്പായതായി പറയുന്നു.

സമരത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി 2015ല്‍ കെ.എം.എം.എല്‍ സമരത്തിന് നേതൃത്വം നല്‍കിയ സി.ഐ.ടി.യു സെക്രട്ടറി എന്‍.പത്മലോചനനെ ഞങ്ങള്‍ ബന്ധപ്പെട്ടു. കെ.എം.എം.എല്‍ അടച്ചുപൂട്ടാന്‍ ഇടതുപക്ഷ സംഘടനകള്‍ സമരം നടത്തിയെന്നത് വ്യാജവാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു. ' കെ.എം.എം.എല്ലിനെ തകര്‍ക്കാനുള്ള അന്നത്തെ യു.ഡി.എഫ്  സര്‍ക്കാരിന്റെ നയത്തിനെതിരെയായിരുന്നു 2015ല്‍ ഞങ്ങള്‍ സമരം നടത്തിയത്. കെ.എം.എം.എല്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, എം.ഡിയെ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ഇപ്പോള്‍ മികച്ച രീതിയില്‍ നടന്നു വരുന്ന കെ.എം.എം.എല്‍ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ നല്‍കി വരുന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. കെ.എം.എം.എല്ലിന്റെ നേട്ടത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയാകാം വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ ' എന്‍. പത്മലോചനന്‍ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് കെ.എം.എം.എല്‍ അടച്ചുപൂട്ടാന്‍ ഇടതുപക്ഷ സംഘടനകള്‍ 2015ല്‍ സമരം നടത്തിയെന്നത് തെറ്റായ വാദമാണെന്ന് വ്യക്തം.

കെ.എം.എം.എല്‍ അടച്ചുപൂട്ടാന്‍ 2015ല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തി.
നിഗമനം

2015ല്‍ സി.ഐ.ടി.യു-എ.ഐ.ടി.യു.സി എന്നീ ഇടതുപക്ഷ സംഘടനകള്‍ നടത്തിയ സമരം കെ.എം.എം.എല്‍ അടച്ചുപൂട്ടാനായിരുന്നില്ല, മറിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ്. കമ്പനി സ്വകാര്യവത്ക്കരണത്തിനെതിരെ 56 ദിവസം നീണ്ടു നിന്ന റിലേ സത്യാഗ്രഹമായിട്ടാണ് സമരം നടത്തിയത്.

കടപ്പാട് : ഇന്ത്യ ടുഡേ