കോവിഡിന്റെ രണ്ടാം തരംഗം ഭീകരാവസ്ഥയിലേക്ക് : പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകണം എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. | CoViD - 19 Second Wave

രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെയാണ് 18 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും വാക്‌സിന്‍ നല്‍കുന്നിതനുള്ള അനുമതി തേടി ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചത്. നിലവില്‍ വാക്‌സിനേഷന്റെ മൂന്നാംഘട്ടമാണ് രാജ്യത്ത് നടക്കുന്നത്.

45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കാണ് നിലവില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതും. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെയാണ് 18 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യമായി ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ വാക്‌സിനേഷന്‍ യജ്ഞം നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ആശുപത്രികളിലുമാണ്. എന്നാല്‍ ഇത് കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കണമെന്നും ഐഎംഎ കത്തില്‍ ആവശ്യപ്പെടുന്നു.

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തീയേറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.