കർഷക സമര വീര്യത്തിന് അഞ്ചു മാസം, പിന്നോട്ടില്ലെന്ന് കർഷകർ. ഗോഡൗണുകളിൽ ഭക്ഷ്യ വസ്തുക്കൾ കുറയുന്നതായി റിപ്പോർട്ടുകൾ.. | Farmers Protest

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങൾ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷകർ.

കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിൻ നയങ്ങൾ പിൻവലിച്ചു രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്ന് അഖിലേന്ത്യ കിസാൻസഭ വ്യക്തമാക്കി.

ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 5 മാസം പിന്നിടുമ്പോൾ സമരവീര്യം ചോരാതെ കർഷകർ.പുതുക്കിയ കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻ മാറില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്.

കഴിഞ്ഞ നവംബർ 26 ന് ആരംഭിച്ച കർഷക സമരം പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ സമരമായി മാറുകായായിരുന്നു. ലോക തൊഴിലാളി ദിനമായ മെയ്‌ 1 ന് അതിർത്തിയിൽ പ്രതേക സമരപരിപാടികൾ കർഷകർ സംഘടിപ്പിക്കും.

അന്ന് നടക്കുന്ന സമരപരിപാടികൾ ലോക തൊഴിലാളികൾക്ക് കർഷകർ സമർപ്പിക്കും. മെയ്‌ മാസത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.

അതേസമയം അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് വാക്‌സിൻ വിതരണം ചെയ്യണമെന്നും. വാക്‌സിൻ ഡ്രൈവുകൾ അതിർത്തിയിൽ നടത്തണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.

കർഷക സമര പശ്ചാത്തലത്തിൽ, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളിൽ വലിയ അളവിൽ കുറവ് സംഭവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. കോവിഡ് കൂടി കണക്കിലെടുക്കുമ്പോൾ ഇത് ഗൗരവമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.