സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മൂന്ന് ജില്ലകളിൽ 'യെല്ലോ അലർട്ട്'.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ശക്തമായ മഴ കണക്കിലെടുത്തു കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.


ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും 24 മണിക്കൂറില്‍ 64.5 എം എം മുതല്‍ 115.5 എം എം വരെ ലഭിക്കുന്ന ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.


ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.