കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനം BHEL കേരള സർക്കാർ ഏറ്റെടുത്തു.

കാസർഗോഡ് : കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച പൊതുമേഖലാ സ്ഥാപനമായ കാസർഗോഡ് ഭെൽ ഇഎംഎൽ (ഭാരത്‌ ഹെവി ഇലക്ട്രിക്കൽസ്‌) സംസ്ഥാന സർക്കാരിന്‌. ഭെൽ -ഇഎംഎൽ സംയുക്ത സംരംഭത്തിൽ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായി ഭെൽ അറിയിച്ചു. ഇതു സംബന്ധിച്ച്‌ വ്യവസായ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ ഭെൽ കത്ത്‌ കൈമാറി. കേരളത്തിന്റെ ആവശ്യം കേന്ദ്ര ഖനവ്യവസായ മന്ത്രാലയം അംഗീകരിച്ചതായും സംസ്ഥാന സർക്കാരും ഭെല്ലുമായി ഉണ്ടാക്കിയ വിൽപ്പന കരാർ അംഗീകരിച്ചതായും കത്തിൽ വ്യക്തമാക്കി.

2016 ൽ കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ ഭെൽ ഇഎംഎൽ ഏറ്റെടുക്കാൻ 2017 ൽ തന്നെ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച്‌ ഭെല്ലുമായി ചർച്ച നടത്തുകയും നിർദേശങ്ങൾ അംഗീകരിച്ച്‌ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്‌തു.  സംസ്ഥാന സർക്കാരിന്‌ കൈമാറാൻ തടസ്സമില്ല എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാടെങ്കിലും കൈമാറ്റ രേഖ നൽകാൻ തയ്യാറായില്ല. ഈ ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന സർക്കാർ നിരന്തരം ഇടപെടുകയും നിരവധി തവണ കേന്ദ്രമന്ത്രിയെ കാണുകയും ചെയ്‌തിരുന്നു.

ഭെല്ലും കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായി ഭെൽ-ഇഎംഎൽ 2010 ൽ ആണ്‌  രൂപീകൃതമായത്. ഭെല്ലിന് 51 ശതമാനവും കേരള സർക്കാരിന് 49 ശതമാനവും ഓഹരിയാണുള്ളത്‌. സംയുക്ത സംരംഭത്തിൽനിന്ന് ഭെൽ ഒഴിവാകാനും ഓഹരികൾ വിൽക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികൾ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കു വച്ച മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കോട്ടയം എച്ച്‌എൻഎല്ലും സംസ്ഥാനം  ഏറ്റെടുത്തിരുന്നു.

English Summary : 

BHEL, a public sector undertaking for sale by the Central Government, was taken over by the Government of Kerala.