സമ്പൂർണ്ണ ലോക്ക്ഡൗൺ : അവശ്യ സർവീസുകൾ ഉണ്ടാവും. കെഎസ്ആർടിസി ഉൾപ്പടെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിർത്തിവെക്കും...

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ആവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. പാല്‍ വിതരണം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടാകും. പ്രവര്‍ത്തന സമയവും മറ്റ് നിര്‍ദ്ദേശങ്ങളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാല്‍പ്പതിനായിരം കടന്നിരുന്നു. അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളില്‍ ഐസിയും കിടക്കകളും വെന്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.