വാട്‌സാപ്പിന്റെ പുതിയ നയം ; ഇനി നിങ്ങളുടെ അക്കൗണ്ടിന് എന്തു സംഭവിക്കും ? ഇവിടെ വായിക്കുക... | WhatsApp Privacy Policy

ഒരു കമ്പനി സൗജന്യമായി ശീലങ്ങള്‍ പഠിപ്പിച്ച ശേഷം തങ്ങള്‍ക്കനുകൂലമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍ ഇപ്പോള്‍ നടക്കുന്നതെന്നു വാദിക്കുന്നവരുണ്ട്. വിദ്യാഭ്യാസമില്ലാത്തവരിൽ നിന്ന്, തങ്ങള്‍ എന്താണ് അംഗീകരിക്കുന്നതെന്നു പോലും മനസ്സിലാക്കാന്‍ സാധിക്കാത്തവരില്‍ നിന്നു പോലും സമ്മതം വാങ്ങിക്കുന്നതിലെ ക്രൂരതയും ഒരു വശത്തുകാണാം. വാട്‌സാപ്പിന്റെ ഈ നീക്കത്തിനു പിന്നിലെന്തൊക്കെ കാര്യങ്ങളാണ് ഉള്ളതെന്നും ചെറിയൊരു അന്വേഷണം നടത്താം. അതിനു മുൻപ് നയം മെയ് 15ന് അംഗീകരിക്കാത്തവര്‍ക്ക് എന്തു സംഭവിക്കുമെന്നു നോക്കാം.

നയത്തില്‍ ഒരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വാട്‌സാപ് ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു കഴിഞ്ഞു. നയം അംഗീകരിക്കാന്‍ വൈമുഖ്യമുള്ളവര്‍ ആപ് ഉപയോഗം നിർത്തിക്കോട്ടെ എന്നാണ് അവര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ആപ് ഉപയോഗിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നാണ് കമ്പനി കോടതിയില്‍ വാദിച്ചത്. അതേസമയം, മെയ് 15നു തന്നെ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റു ചെയ്യില്ലെന്നും അറിയിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ആയിരിക്കും അക്കൗണ്ട് നശിപ്പിക്കുക. നിലവിലെ അറിയിപ്പു പ്രകാരം ഏതാനും ആഴ്ചകള്‍ക്കുള്ളിൽ വാട്‌സാപ്പ് 2021 പ്രൈവസി പോളിസി അപ്‌ഡേറ്റ് അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കും. നയം അംഗീകരിക്കാത്തവര്‍ക്ക് വാട്‌സാപ്പിന്റെ ഫീച്ചറുകള്‍ ഒന്നൊന്നായി ലഭിക്കാതെ വരികയും അവസാനം അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. ഒരു ഘട്ടത്തില്‍ വാട്‌സാപ് തുടരെത്തുടരെ റിമൈന്‍ഡറുകള്‍ കാണിച്ചു തുടങ്ങും. പിന്നെ അധികം താമസിയാതെ അക്കൗണ്ട് നഷ്ടമാകും. കുറച്ചു പേരെങ്കിലും വാട്‌സാപ് ഉപയോഗം വേണ്ടന്നു വയ്ക്കാന്‍ വഴിയുണ്ട്. അങ്ങനെ തീരുമാനിക്കുന്നവര്‍ തങ്ങളുടെ വാട്‌സാപ് ഡേറ്റ വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയും അക്കൗണ്ട് സ്വയം ഡിലീറ്റു ചെയ്യുന്നതുമാണ് ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു. 

∙ പുതിയ നയത്തിനു പിന്നിലെന്ത്?

ഫെയ്‌സ്ബുക് ഏറ്റെടുത്തെങ്കിലും വാട്‌സാപ് വഴി ലാഭം ലഭിക്കുന്നില്ല എന്നൊരു പരാതി കേട്ടിരുന്നു. വാട്‌സാപ്പിനെ പണം ചുരത്തുന്ന രീതിയില്‍ മാറ്റുക എന്നത് ഫെയ്സ്ബുക്കിന്റെ ഉദ്ദേശങ്ങളിലൊന്നാണ്. വാട്‌സാപ് പേ അതിലൊന്നാണ്. മറ്റൊന്ന് റിലയന്‍സിന്റെ ജിയോ മാര്‍ട്ടുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുക എന്നതാണ്. വാട്‌സാപ്പിനെ ഷോപ്പിങ് അടക്കം നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇതു വഴി വളരെയധികം ഡേറ്റ സൃഷ്ടിക്കപ്പെടും. നിലവിലെ സ്വകാര്യതാ നയം തുടര്‍ന്നാല്‍ അതിനെതിരെ ആരെങ്കിലും കേസിനു പോയാല്‍ പ്രശ്‌നമാകാം. വാട്‌സാപ് ഉപയോക്താക്കള്‍ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാനാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് സിഗ്നല്‍ ആപ്പിന്റെ അധികാരികള്‍ ആരോപിച്ചിരുന്നു.

whatsapp-facebook

∙ ഇന്ത്യയുടെ സ്വകാര്യതാ നയം

ഇന്ത്യ അതിന്റെ പുതിയ ഡേറ്റാ പരിപാലന നിയമം 2019 മുതല്‍ കൊണ്ടുവരുന്നുവെന്നു പറയുകയല്ലാതെ കൊണ്ടുവന്നിട്ടില്ല. ഇത് കൊണ്ടുവന്നു കഴിഞ്ഞാല്‍ വ്യക്തിക്ക് തന്റെ ഡേറ്റമേല്‍ അധികാരം നല്‍കിയേക്കും. എന്നാല്‍, അതിനു മുൻപ് ഡേറ്റ നല്‍കാമെന്ന അനുമതി ഉപയോക്താവില്‍ നിന്ന് വാങ്ങിക്കഴിഞ്ഞാല്‍ നിയമം വന്നു കഴിഞ്ഞാലും ഉപയോക്താവ് കോടതിയില്‍ പോയാല്‍ എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യം ഇപ്പോള്‍ അറിയില്ല. ലോകമെമ്പാടും വാട്‌സാപ്പിന് ധാരാളം ഉപയോക്താക്കളുണ്ടെങ്കിലും ഇന്ത്യയില്‍ മാത്രം ഏകദേശം 53 കോടി ഉപയോക്താക്കളുണ്ടെന്ന് പുതിയ കണക്കുകള്‍ പറയുന്നു. ഇത് അനുദിനം വര്‍ധിക്കുന്നുമുണ്ട്. വരുംകാലത്ത് ഡേറ്റാ ശേഖരണം പണമാക്കി മാറ്റാന്‍ സാധിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വന്‍ ബിസിനസ് ലക്ഷ്യങ്ങള്‍ തന്നെയായിരിക്കും വാട്‌സാപ്പിന്റെ ഡേറ്റാ ശേഖരണ നീക്കത്തിനു പിന്നില്‍. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ പരിശോധിക്കില്ലെന്ന് കമ്പനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, വാട്‌സാപ് ഉപയോക്താക്കളുടെ മെറ്റാഡേറ്റയായിരിക്കും ഫെയ്‌സ്ബുക്കിനു നല്‍കുക എന്നതാണ് ഉത്കണ്ഠ ഉയര്‍ത്തുന്നത്. ഭാവിയില്‍ വാട്‌സാപ് പേയും മറ്റും ഉപയോഗിച്ചു തുടങ്ങുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയില്‍ എന്തെല്ലാമായിരിക്കും ഫെയ്‌സ്ബുക്കിന്റെയും മറ്റും പക്കലെത്തുക എന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഇല്ല. 

∙ ആരും ഇട്ടിട്ടുപോകില്ലെന്ന ധാര്‍ഷ്ട്യം

ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴിയുള്ള സംവാദിക്കല്‍ പലരും തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എങ്കിലും വര്‍ഷങ്ങളായി തങ്ങള്‍ വാട്‌സാപ് വഴി ഉണ്ടാക്കിയിട്ടുള്ള ബന്ധങ്ങളൊന്നും ആരും ഇട്ടിട്ടുപോകില്ലെന്ന തോന്നലും വാട്‌സാപ്പിന് ഉണ്ടാകണം. അങ്ങനെ ബലമായി തന്നെ ഉപയോക്താക്കളുടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമമായിരിക്കാം നടക്കുന്നത്. ജര്‍മനിയില്‍ അധികാരികള്‍ ഇടപെട്ട് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവയ്പ്പിച്ചിട്ടുണ്ട്. 

∙ കേസുകള്‍

ഡല്‍ഹി ഹൈക്കോടിയിലും സുപ്രീം കോടതിയിലുമാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെയുള്ള കേസുകള്‍ നടക്കുന്നത്. എന്നാല്‍, വിധി നീണ്ടു പോകുന്നത് വാട്‌സാപ്പിന് ഗുണമായേക്കും. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയോട് നിലപാടറിയിക്കാന്‍ മെയ് 21 വരെ സമയം അനുവദിച്ചിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സ്വകാര്യതാ നയം അംഗീകരിക്കാന്‍ മടിയുള്ളവര്‍ ആപ് ഉപയോഗിക്കുന്നത് നിർത്തിക്കോട്ടെ എന്ന നിലപാട് സ്വകരിച്ചത്. സ്വകാര്യതാ ബോധമുള്ള ഉപയോക്താക്കളും അക്കൗണ്ട് നഷ്ടപ്പെടുമോ എന്ന പേടിയില്‍ പുതിയ നയം അംഗീകരിക്കുന്നതിനു മുൻപ് വിധിവരുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം. കേന്ദ്ര വിവരസാങ്കേതികവിദ്യാ വകുപ്പും പുതിയ നയത്തിനെതിരെ പ്രതികരിച്ചെങ്കിലും ജര്‍മനിയില്‍ നടന്നതു പോലെ ഉത്തരവിറക്കുകയൊന്നും ചെയ്തില്ല.

FRANCE-US-INTERNET-WHATSAPP-SIGNAL

∙ പകരം സാധ്യതകള്‍

ഏകദേശം വാട്‌സാപ്പിന്റെ അത്ര ഫങ്ഷനുകളുള്ള ആപ്പിലേക്ക് മാറാനാണ് ഉദ്ദേശമെങ്കില്‍ ടെലഗ്രാമായിരിക്കും ഉചിതം. എന്നാല്‍, ടെലഗ്രാമില്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നവര്‍ക്കു മാത്രമെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കൂ എന്ന കാര്യവും മനസ്സില്‍വയ്ക്കണം. അതേസമയം, സിഗ്നല്‍ ആപ്പാണ് വാട്‌സാപ്പിനെക്കാള്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ പല ഫങ്ഷനുകളും ഇല്ല. അടുത്തിടെ കൂടുതല്‍ ഫങ്ഷനുകള്‍ നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കണമെന്ന സിഗ്നല്‍ കമ്പനിക്കുള്ളില്‍ തന്നെ വാദമുയര്‍ന്നെങ്കിലും, തങ്ങള്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ആപ്പായി തന്നെ നിലകൊണ്ടാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌പേസ്എക്‌സ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് സിഗ്നല്‍ ഉപയോഗിക്കാന്‍ തന്റെ ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. വോയിസ് കോളുകളില്‍ മികച്ച ശബ്ദം ലഭിക്കുന്നുവെന്നതും സിഗ്നലിന്റെ എടുത്തു പറയേണ്ട മികവാണ്.