കോവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; ഇന്ത്യയിൽ ആദ്യം...

മുംബൈ∙ ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്ന് ജില്ലാ ഹെൽത്ത് ഡിസ്ട്രിക്ട് മാനേജർ അപൂർവ തിവാരി പറഞ്ഞു.

കോവിഡ് ബാധിതനായിരുന്ന യുവാവ്‌ രോഗമുക്തി നേടിയതിനുശേഷം ബ്ലാക്ക് ഫംഗസ് (മ്യൂക്കോമെർസിസ്) സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടര്‍ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്. ഇൻഡോറിലെ ഓർബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിൽസയിലായിരുന്നു. 90 ശതമാനമായിരുന്നു ശ്വാസകോശ ഇൻഫെക്‌ഷൻ. ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും അപൂര്‍വ കൂട്ടിച്ചേർത്തു.

എന്താണ് ഗ്രീൻ ഫംഗസ്?

ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരില്‍ അല്ലെങ്കിൽ രോഗമുക്തരിലാണ് ഗ്രീൻ ഫംഗസ് കണ്ടെത്തുന്നത്. Aspergillosis എന്നതാണ് ശാസ്ത്രീയ നാമം. മൂക്കിൽനിന്ന് രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇൻഡോറിലെ രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങൾ.