ലോകം അത്ഭുതത്തോടെ നോക്കുന്ന ആനക്കൂട്ടങ്ങളുടെ ലോങ്ങ് മാർച്ച് : നിഗൂഢമായ ആ 500 കിലോമീറ്റർ യാത്രയുടെ വിശേഷങ്ങൾ അറിയാം...

ഒരു വർഷത്തിന് മുകളിലായി ചൈനയിലെ ഒരു ആനക്കൂട്ടം ലോകശ്രദ്ധ മുഴുവൻ ആകർഷിച്ച് ഒരു ദേശാടനം ആരംഭിച്ചിട്ട്. 2020 മാർച്ചിൽ തുടങ്ങിയ 'ലോങ് മാർച്ച്' ഇതിനകം 500 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. 15 അംഗ സംഘത്തിന്റെ ഈ യാത്ര എങ്ങോട്ടാണെന്ന് കാത്തിരിക്കുകയാണ് ലോകം ഒന്നടങ്കം. ഇവരുടെ ഉദ്ദേശവും ലക്ഷ്യവും ഇന്താണെന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.


ചൈന-മ്യാൻമർ അതിർത്തിയിലുള്ള, ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണു 15 ആനകൾ വടക്കു ഭാഗത്തേക്കു യാത്ര തുടങ്ങിയത്. കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ നീക്കം. എന്നാൽ ഇവർ എന്തിന് തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്ത് വന്നതും ഇത്ര ദീർഘമായ ഒരു യാത്രയ്ക്ക് പുറപ്പെട്ടതെന്നും ഇനിയും വ്യക്തമല്ല. മുതിർന്ന 6 പെണ്ണും 3 ആണും 6 കുട്ടികളുമടങ്ങുന്നതാണ് ഈ കാട്ടാനക്കൂട്ടം.


കാടും മേടും കടന്നുള്ള ഈ ആനയാത്ര ഒറു തരത്തിലും തടസപ്പെടാതെയും ആനകൾക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാൻ അവസരമൊരുക്കിയും മാതൃകയാവുകയാണ് ഒരു ജനതയും. ജനവാസ മേഖലയിൽ പ്രശ്നമുണ്ടാക്കാതിരിക്കാനും കൃഷി വിളകൾ നശിപ്പിക്കാതിരിക്കാനും ടൺ കണക്കിന് തീറ്റ സാധനങ്ങളിട്ടാണ് കാട്ടാനക്കൂട്ടത്തെ ഇവർ വഴി തിരിച്ചുവിടുന്നത്. പഠക്കം പൊട്ടിച്ചും കൂക്കി വിളിച്ചും ആരും അവയെ തുരത്തുന്നില്ല എന്ന് സാരം. കഴിഞ്ഞ 15 മാസത്തിനിടെ ആനക്കൂട്ടത്തെ വഴിതിരിച്ച വിടാൻ മാത്രം രണ്ട് ലക്ഷം ടൺ ഭക്ഷ്യ വസ്തുക്കളാണ് ഉപയോഗിച്ചത്. ഇതിൽ പൈനാപ്പിളും ചോളവുമെല്ലാം ഉൾപ്പെടുന്നു.

ആനകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാനും അവർക്ക് സംരക്ഷണം ഒരുക്കാനും വലിയൊരു സംഘം തന്നെ രാപകലില്ലാതെ കഷ്ടപ്പെടുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ആനകൾക്ക് ചൈനയിൽ എ ലെവൽ സുരക്ഷയാണുള്ളത്. അതേസമയം ആനസവാരി ഇതിനകം 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണു റിപ്പോർട്ട്. എങ്കിലും അതൊന്നും വലിയ വിഷയമായി അധികൃതർ കാണുന്നുമില്ല. ഒരു തരത്തിലും ആനകളുടെ യാത്രയെ തടസപ്പെടുത്തരുതെന്നും ആനകളെ ആകർഷിക്കുന്ന ഭക്ഷ്യസാധനങ്ങളൊന്നും വീടിന് പുറത്ത് വെക്കരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

ആനകളുടെ ഈ ലോങ് മാർച്ചിന് കാരണം അന്വേഷിക്കുകയാണ് അതേസമയം ശാസ്ത്രജ്ഞരടക്കുള്ളവർ. ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ, തീറ്റ കുറഞ്ഞതോടെ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴി തെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവർ പറയുന്നു. കുടുംബ ജീവിതവും കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകൾ, നേതാവിനെ നഷ്ടപ്പെട്ടാലും ഇതുപോലെ അലയാറുണ്ടെന്ന വാദവും നിലനിൽക്കുന്നു.

ആനക്കൂട്ടം യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന ചിത്രം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കനത്ത മഴയെത്തുടർന്നു യാത്രയ്ക്കു വേഗം കുറഞ്ഞതോടെയാണ് ആനക്കൂട്ടം വിശ്രമിച്ചതെന്നാണു നിഗമനം. 15 മാസത്തെ യാത്രയ്ക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായാണു പ്രസിദ്ധീകരിക്കുന്നത്. ആനകൾ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.