കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം എന്തു ചെയ്യാം, എന്ത് ചെയ്തു കൂടാ എന്നത് സംബന്ധിച്ച് നിരവധി പേർക്ക് ആശങ്കയുണ്ട്. അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ ചെയ്യല്ലേ എന്നെല്ലാം ധാരാളം ഉപദേശങ്ങൾ പല ഭാഗത്തു നിന്നും കേൾക്കാം. ഇതിൽ ഭൂരിഭാഗം ഉപദേശങ്ങൾക്കും യാതൊരു ശാസ്ത്രീയ അടിത്തറയുമുണ്ടാകില്ലെന്നതാണ് വാസ്തവം.
എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പേ സത്യസന്ധമായ ഒത്തിരി സംശയങ്ങളും ഉടലെടുത്തേക്കാം. അതിലൊന്നാണ് ദിവസവും വ്യായാമം ചെയ്യുന്നൊരാൾ വാക്സിൻ സ്വീകരിച്ചതിന് ശേഷം തുടരാമോ എന്ന സംശയം.
വാക്സിൻ സ്വീകരിച്ചതിന് ശേഷം വ്യായാമം ചെയ്യാം എന്നതാണ് ഒറ്റ വാക്കിലെ ഉത്തരം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. കുത്തിവെപ്പിന് ശേഷം വ്യായാമം ചെയ്യുന്നതുവഴി അവയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നോ, ആരോഗ്യത്തിന് ഹാനികരമാണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു.
ഓരോ വ്യക്തിയെയും വാക്സിനേഷൻ എങ്ങനെയായിരിക്കും സ്വാധനീക്കുകയെന്നത് വ്യത്യസ്തമായിരിക്കും. കുത്തിവെപ്പിന് മുമ്പോ ശേഷമോ വ്യായാമം ചെയ്യുന്നതിലൂടെ അവയുടെ ഫലപ്രാപ്തി നഷ്ടമാകുമെന്ന് തെളിയിക്കാൻ യാതൊരു തെളിവുകളും ഇതുവരെയില്ല.
വാസ്തവത്തിൽ, പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്നവർക്ക് വാക്സിനുകളോടുള്ള പ്രതികരണവും വർധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ശരീരം കൂടുതൽ ആൻറിബോഡി സൃഷ്ടിക്കും. അതിനാൽ വാക്സിൻ സ്വീകരിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.