നിങ്ങളുടെ പാസ്പോർട്ടിൽ വിലാസമോ മറ്റെന്തെങ്കിലും വിവരങ്ങളോ മാറ്റുവാൻ ആലോചിക്കുന്നുണ്ടോ ? എങ്കിൽ ഓൺലൈൻ വഴി എങ്ങനെ ഇത് ചെയ്യാമെന്ന് ഇവിടെ വായിക്കൂ.. | Passport Address Change


പാസ്‌പോര്‍ടിലെ വിലാസം എങ്ങനെ മാറ്റാം? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. പാസ്‌പോര്‍ടിലെ വിലാസം തിരുത്തുക എളുപ്പമാണ്. പാസ്‌പോര്‍ട് സേവാ പോര്‍ടല്‍ വഴി ഓരോരുത്തര്‍ക്കും തനിയെത്തന്നെ ഓണ്‍ലൈനായി വിലാസം മാറ്റാം. പുതുക്കിയോ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്‌പോര്‍ട് റീ-ഇഷ്യു ചെയ്യാന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. ഓണ്‍ലൈനായി വിലാസം തിരുത്തി പാസ്‌പോര്‍ട് റീ-ഇഷ്യൂ ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് ചുവടെ കാണാം.

1. പാസ്‌പോര്‍ടിലെ വിലാസം തിരുത്താനായി ആദ്യം പാസ്‌പോര്‍ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

2. വിലാസം തിരുത്താന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്ന് വെബ്‌സൈറ്റില്‍ കാണാം.

3. പാസ്‌പോര്‍ട് റീ-ഇഷ്യൂ ചെയ്യുന്നതിന് പാസ്‌പോര്‍ട് സേവാ കേന്ദ്രം വെബ്‌സൈറ്റ് നിരക്ക് ഈടാക്കും. അപേക്ഷകന്റെ പ്രായം, പാസ്‌പോര്‍ട് റീ-ഇഷ്യൂ ചെയ്യാനുള്ള കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിരക്ക് ഓരോ തവണയും വ്യത്യാസപ്പെടാം. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ നിരക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കും.

4. ആവശ്യമായ രേഖകളുടെ പകര്‍പ്പ് പരിശോധിച്ച ശേഷം വീണ്ടും പാസ്‌പോര്‍ട് സേവാ പോര്‍ടല്‍ സന്ദര്‍ശിക്കാം. എന്നിട്ട് യൂസര്‍ രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

5. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണം. ശേഷം പട്ടികയില്‍ നിന്നും ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട് ഓഫീസ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാം.

6. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്‍കിയാല്‍ രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

7. പാസ്‌പോര്‍ട് സേവാ പോര്‍ടലില്‍ ലോഗിന്‍ ചെയ്യുകയാണ് അടുത്ത നടപടി.

8. തുടര്‍ന്ന് 'ആപ്ലിക്കന്റ് ഹോം' വെബ്‌പേജില്‍ നിന്നും 'അപ്ലൈ' ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'ഫ്രഷ് പാസ്‌പോര്‍ട്/റീ-ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്' ക്ലിക്ക് ചെയ്യാം.

9. 'ക്ലിക്ക് ഹിയര്‍' എന്ന പട്ടികയിലുള്ള രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കാം; ഇവിടെയാണ് അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിക്കേണ്ടത്.

10. ആപ്ലിക്കേഷന്‍ ടൈപ്പ്, പാസ്‌പോര്‍ട് ബുക്ക്‌ലെറ്റ് ടൈപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇവിടെ കൊടുക്കേണ്ടത്. എന്നിട്ട് 'നെക്സ്റ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

11. 'വ്യൂ സേവ്ഡ്/സബ്മിറ്റഡ് ആപ്ലിക്കേഷന്‍സ്' ഓപ്ഷന്‍സ് ഇനി തിരഞ്ഞെടുക്കാം.

12. എന്നിട്ട് 'പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്റ്‌മെന്റ്' ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്‌പോര്‍ട് റീ-ഇഷ്യൂ ചെയ്യുന്നതിനുള്ള തുക ഇവിടെയാണ് അടയ്‌ക്കേണ്ടത്. ഒപ്പം അടുത്തുള്ള പാസ്‌പോര്‍ട് സേവാ കേന്ദ്രം സന്ദര്‍ശിക്കാനുള്ള തീയതിയും ഇവിടെ തിരഞ്ഞെടുക്കാം.

13. പണമടച്ച റസീത് കിട്ടിക്കഴിഞ്ഞാല്‍ തിരഞ്ഞെടുത്ത പാസ്‌പോര്‍ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്‌പോര്‍ട് ഓഫീസിലോ ചെല്ലാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഈ രസീതും പാസ്‌പോര്‍ട് സേവാ കേന്ദ്രത്തില്‍ ഹാജരാക്കേണ്ടതുണ്ട്.