ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങും...

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ഉദ്യോഗസ്ഥ സംഘത്തിന് സംഭവത്തില്‍ വീഴ്ച പറ്റിയുണ്ടെന്നാണ് കണ്ടെത്തല്‍. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിന്ന് ആറ് മാസത്തിനിടെ 50,000 ലി്റ്റര്‍ സ്പിരിറ്റ് മോഷ്ടിച്ചെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച സ്പിരിറ്റ് ലിറ്ററിന് അമ്പതു രൂപ നിരക്കില്‍ ആയിരുന്നു വില്‍പ്പന.

ടാങ്കറിലെ ഇ- ലോക്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് മുകള്‍ഭാഗത്ത് വച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തിയതെന്നാണ് ഫൊറന്‍സിക്, എക്സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ കണ്ടെത്തല്‍.

നിലവില്‍ കമ്പനിയിലേക്ക് സ്പിരിറ്റ് എത്തിയത് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലെന്നും ആണ് പൊലീസിന്റെ നിഗമനം. ലോഡ് പരിശോധിച്ച് അളവ് ഉറപ്പാക്കുന്നതില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് പുറമേ എക്സൈസും വീഴ്ച വരുത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്.

പൊലീസിന്റ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കമ്പനിയിലെ തകരാറിലായ വേയ് ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്താത്തത് തട്ടിപ്പിന് വേണ്ടിയായിരുന്നോയെന്നും പരിശോധിക്കും.

കഴിഞ്ഞ സമീപകാലത്തെ ഇടപാടുകള്‍ സംബന്ധിച്ച സ്റ്റോക്ക് രജിസ്റ്ററും വിശദമായി പരിശോധിച്ചു. അതേസമയം സീനിയര്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.

ഇവരുടെ വീടുകളില്‍ പൊലീസ് നോട്ടീസ് പതിപ്പിച്ചു. എന്നാല്‍ വരും ദിവസം അഭിഭാഷകന്‍ മുഖേന കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പൊലിസിനു മുന്നില്‍ ഹാജരാകാനാണ് നീക്കം.