കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും അതിലൂടെ കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന പുരോഗതിയും ഓർമപ്പെടുത്തി ഇന്ന് ലോക ജനസംഖ്യാദിനം. കൊവിഡ് കാലത്ത് ലോകത്താകമാനം കൂടുതൽ ജനനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ദിനാചരണം.
സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവും സ്വാതന്ത്ര്യവും ഏറ്റവും പ്രധാനമാണ് എന്ന ഓർമപ്പെടുത്തലുമായാണ് 2021 ലോക ജനസംഖ്യാ ദിനം വന്നെത്തിയത്.ലോക ജനസംഖ്യ 770 കോടി പിന്നിടുന്ന ഈ അവസരത്തിൽ, ആരോഗ്യസേവനങ്ങളുടെ അഭാവമോ ലിംഗവിവേചനമോ കാരണം ഒരു സ്ത്രീക്കും പ്രത്യുത്പാദന അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടുകൂടാ എന്ന സന്ദേശമാണ് ഐക്യരാഷ്ട്രസഭാ പോപ്പുലേഷൻ ഫണ്ട് (യു.എൻ.പി.എഫ്.) ഈ വർഷത്തെ ലോകജനസംഖ്യാദിനം ആചരിക്കുന്നതിലൂടെ പങ്കുവെക്കുന്നത്.
സ്വന്തം ശരീരത്തിനുമേൽ പൂർണ അവകാശവും അതിന്മേൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പിന്തുണ ലഭിക്കാനുള്ള സാഹചര്യങ്ങളുമുണ്ടെങ്കിൽ സ്ത്രീ സ്വതന്ത്രയാണെന്ന് യു.എൻ.പി.എഫ്. പറയുന്നു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, വേതനം, സുരക്ഷ എന്നീ ഘടകങ്ങൾ അവൾക്ക് ശക്തിപകരുന്നു. ഇത് കുടുംബത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്നു. ഈ ലക്ഷ്യത്തിലെത്താൻ പെൺകുട്ടികൾക്ക് പ്രത്യുത്പാദന ആരോഗ്യം, ലൈംഗികത, അവകാശങ്ങൾ എന്നിവയിൽ വിദ്യാഭ്യാസം നൽകണമെന്നും യു.എൻ.പി.എഫ്. മുന്നോട്ടുവെക്കുന്നു.
ജനസംഖ്യാ പെരുപ്പം മൂലമുള്ള അപകടങ്ങളും അത് മനുഷ്യന്റെ ആവാസ വ്യവസ്ഥയ്ക്കും വികസനത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളികളും ഓർമപ്പെടുത്തുകയാണ് വർഷാ വർഷം ലോക ജനസംഖ്യാദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്. കുടുംബാസൂത്രണം, ലിംഗനീതി, ദാരിദ്ര്യം, അമ്മയുടെ ആരോഗ്യം, പൗരാവകാശം എന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കലും കൂടിയാണ് ജൂലായ് 11.ലോകജനസംഖ്യാദിനം ആദ്യമായി ആചരിച്ചുതുടങ്ങുന്നത് 1989-ലാണ്. പിന്നീട്, 1990 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇത് അംഗീകരിക്കുകയുംചെയ്തു.
ആയിരക്കണക്കിന് വർഷമെടുത്ത് 100 കോടിയെത്തിയ ലോകജനസംഖ്യയാണ് 200 വർഷംകൊണ്ട് ഏഴുമടങ്ങ് വർധിച്ച് 2012-ൽ 700 കോടിയിലെത്തിയത് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2030 ആകുമ്പോഴേക്കും 850 കോടിയിലെത്തുമെന്നുമാണ് പ്രവചനം. 2050-ൽ 970 കോടിയും 2100-ൽ 1090 കോടിയും പിന്നിടുമെന്നും കരുതപ്പെടുന്നു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവിഡിൽ ആഗോളതലത്തിൽ കുടുംബാസൂത്രണ സേവനങ്ങളിൽ തടസ്സമുണ്ടായി. യുഎൻഎഫ്പിഎ മാർച്ചിൽ നടത്തിയ പഠനത്തിൽ ലോകത്ത് 1.20 കോടി സ്ത്രീകൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാകാതെപോയി. ഇത് ജനസംഖ്യാ വർധനയ്‌ക്ക് കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.
"സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാൻ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങൾ ലഭ്യമാക്കാം' എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശം. 50 വർഷത്തിനുള്ളിൽ ലോകജനസംഖ്യ 1100 കോടിയിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രിയിലും കുടുംബാസൂത്രണ മാർഗങ്ങൾ ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ വന്ധ്യംകരണ ശസ്ത്രക്രിയയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദിശ: 104, 1056.