ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു, ഒന്നര മാസത്തിനുള്ളിൽ വർദ്ധിപ്പിച്ചത് 24ാം തവണ, മുംബൈയില്‍ 107 രൂപയിലെത്തി വില..

തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് കൂട്ടിയത് 27 പൈസയാണ്. അന്താരാഷ്ട്ര തലത്തില്‍ സാഹചര്യങ്ങളും എണ്ണ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 89 പൈസയാണ്. കൊച്ചിയില്‍ 101 രൂപ 1 പൈസയാണ്. ഈ മാസം മാത്രം ആറ് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപര്ത് ഡീസലിന് 96 രൂപ 47 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 94 രൂപ 71 പൈസയാണ്.

അതേസമയം രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ പെട്രോള്‍ വലി 100 രൂപ 91 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 89 രൂപ 88 പൈസയായി. മുംബൈയില്‍ പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. 106 രൂപ 59 പൈസയാണ് ലിറ്ററിനുള്ളത്. ഡീസലും നൂറിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. 97 രൂപ 46 പൈസയാണ് ഡീസലിന് മുംബൈയിലെ വില. കഴിഞ്ഞ മാസം 18 തവണയാണ് ഇന്ധനത്തിന്റെ വില കൂട്ടിയത്.


40 ദിവസത്തിനിടെ മൊത്തം 24 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. അതേസമയം ദേശീയ തലത്തില്‍ ഇന്ന്‌ലെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ഇന്ധന വില. പ്രാദേശിക നികുതികള്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്നത് രാജസ്ഥാനിലാണ്. ഇവിടെ വാറ്റ് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നിരക്കാണ് ചുമത്തുന്നത്. അതേസമയം ഇന്ധന വില കുതിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കി കഴിഞ്ഞു. അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്.