ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ : ഇൻഷുറൻസ് പോളിസി സംബന്ധമായ സംശയങ്ങളും സാധാരണ സംഭവിക്കുന്ന അബദ്ധങ്ങളും ഇവയാണ്... | Health Insurance Policy


നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കാത്ത, അനിശ്ചിതത്വം നിറഞ്ഞ ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് വ്യക്തിഗത സാമ്പത്തീകാസൂത്രണത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യമാണ്. ആരോഗ്യപരമായ ജീവിതത്തിന്റെ നട്ടെല്ല് എന്ന് വേണമെങ്കില്‍ നമുക്കതിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഏതെങ്കിലും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല. തെറ്റായ അല്ലെങ്കില്‍ അനുചിതമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ചിരിക്കുന്നതിന് പകരമായി പിന്നീട് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും ഉയര്‍ന്നതായിരിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നതിലും അത് പുതുക്കുന്നതിലും നിങ്ങള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ പോലും നിങ്ങള്‍ക്കും നിങ്ങളുടെ കുടൂംബത്തിനും ലഭിക്കേണ്ടുന്ന ആരോഗ്യ പരിരക്ഷയില്‍ വി്ട്ടു വീഴ്ച വരുത്തേണ്ട സാഹചര്യത്തിലെത്തിച്ചേക്കാം. അത്തരം സാഹചര്യത്തില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ചിലപ്പോള്‍ നല്‍കേണ്ടതായി വരും. അതിനേക്കാള്‍ എളുപ്പമുള്ള കാര്യമാണ് നല്ലതും അനുയോജ്യമായതുമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുക എന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍

നിങ്ങള്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുകയോ, നിലവിലുള്ള പോളിസി പുതുക്കുകയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്ലാനില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന പരിരക്ഷയിലെ എല്ലാ കാര്യങ്ങളും പരിശോധിക്കേണം. എന്നാല്‍ പലരും അവരുടെ പോളിസിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാറില്ല. അല്ലെങ്കില്‍ മിക്കവര്‍ക്കും തെറ്റായ ഒരു പോളിസി തെരഞ്ഞെടുക്കപ്പെടുന്നതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങള്‍ തിരിച്ചറിയുവാന്‍ സാധിക്കാറില്ല. ഏതായാലും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമുക്കിവിടെ ഒന്ന് പരിശോധിക്കാം.

ചിലവ് ചുരുക്കി പോളിസി വാങ്ങിച്ചാല്‍

ദിനംപ്രതിയെന്നോണം ഉയര്‍ന്നു വരുന്ന ആരോഗ്യ പരിരക്ഷാ, ചികിത്സാ ചിലവുകള്‍ ഇന്നത്തെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും വാങ്ങിക്കേണ്ടതിന്റെ അനിവാര്യത ഈട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോളിസി വാങ്ങിക്കുന്ന സമയത്ത് പലരും ചിലവ് കുറഞ്ഞ, ചെറിയ തുക പ്രീമിയമായി വരുന്ന പോളിസികള്‍ തെരഞ്ഞെടുക്കുവാനാണ് താത്പര്യം കാണിക്കാറ്. എന്നാല്‍ ഇത്തരത്തില്‍ ചെലവ് ചുരുക്കി പോളിസി വാങ്ങിക്കുന്നത് അപര്യാപ്തമായ പരിരക്ഷയിലേക്കാണ് നിങ്ങളെ കൊണ്ടെത്തിക്കുന്നത്.

മതിയായ പരിരക്ഷ ഉറപ്പാക്കാം

മതിയായ പരിരക്ഷ വാഗ്ദാനം ചെയ്യാത്ത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നതിന്റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പരിമിതമായ പരിരക്ഷ മാത്രമേ പോളിസി വാഗ്ദാനം ചെയ്യുന്നുള്ളൂ എങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു മെഡിക്കല്‍ എമര്‍ജന്‍സി വരുമ്പോഴേക്കും ആ പരിരക്ഷ തീര്‍ന്നു കഴിഞ്ഞിരിക്കും. പിന്നെ അതുവരെയുള്ള തന്റെ സമ്പാദ്യവും അതും തികഞ്ഞില്ലെങ്കില്‍ ആസ്തികള്‍ വില്‍പ്പന നടത്തിയോ പണയം വച്ചോ വായ്പ വാങ്ങിയോ പണം കണ്ടെത്തി വേണ്ടി വരും ചികിത്സ തുടരുവാന്‍. 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാം

അതിനാല്‍ നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ പരിരക്ഷാ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായി പരിശോധിക്കുകയാണ് വേണ്ടത്. ശേഷം പല തരത്തിലുള്ള പോളിസികള്‍ വിശകലനം ചെയ്തു നോക്കാം. ശേഷം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന നിങ്ങളുടെ ബഡ്ജറ്റിന് താങ്ങാനാകുന്ന മികച്ച ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാം. 

മുന്‍കാല രോഗങ്ങള്‍ മറച്ചു വയ്ക്കരുത്‌..

പോളിസി അനുവദിക്കാതിരിക്കുമോ, ഉയര്‍ന്ന പ്രീമിയം തുക നല്‍കേണ്ടി വരുന്ന ആശങ്കകളാല്‍ പലരും നേരത്തേയുള്ള രോഗ വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നിങ്ങളുടെ ജീവിത രീതിയോ, മുന്‍കാല രോഗങ്ങളോ, ആരോഗ്യ ചരിത്രമോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്. അത് ഭാവിയില്‍ നിങ്ങളുടെ ക്ലെയിം തഴയപ്പെടാന്‍ കാരണമാകും. കൂടാതെ നിങ്ങളുടെ മെഡിക്കല്‍ പ്രൊഫൈലില്‍ ബ്ലാക്ക് മാര്‍ക്ക് വീഴുകയും നിങ്ങള്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി എന്ന് പറയുവാനും കാരണമാകുമെന്നോര്‍ക്കുക. 

നയ നിബന്ധനകള്‍ പൂര്‍ണമായും വായിച്ചു മനസ്സിലാക്കുക

പോളിസി വാങ്ങിക്കുന്നതിന് മുമ്പായി അതിന്റെ നയ നിബന്ധനകള്‍ പൂര്‍ണമായും വായിച്ചു മനസ്സിലാക്കുക എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പോളിസി പരിരക്ഷ, ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍, ഒഴിവാക്കിയിരിക്കുന്ന കാര്യങ്ങള്‍, നെറ്റുവര്‍ക്ക് ആശുപത്രികളുടെ വിവരങ്ങള്‍ തുടങ്ങിയ സുപ്രധാനമായ വിവരങ്ങളാണ് ഇതിലുണ്ടാകുക. ക്ലെയിം ഉന്നയിക്കുന്ന സമയത്ത് മാത്രം ചില കാര്യങ്ങള്‍ അറിയേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. നേരത്ത എല്ലാം അറിഞ്ഞിരിക്കുന്നതാണ് അഭികാമ്യം.

ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി മാത്രം പര്യാപ്തമല്ല

തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ പരിരക്ഷ നല്‍കാറുണ്ട്. എന്നാല്‍ ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നത് ബുദ്ധിപരമായ തീരുമാനമല്ല. ഗ്രൂപ്പ് പോളിസികളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷ തുലോം കുറവായിരിക്കും. തൊഴില്‍ ദാതാവ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്താലും, നിങ്ങള്‍ തൊഴില്‍ സ്ഥാപനം മാറിയാലും ഈ പരിരക്ഷ നിങ്ങള്‍ക്ക് നഷ്ടമാവുകയും ചെയ്യും. എപ്പോഴും ഇത്തരം ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് പുറമേ നിങ്ങള്‍ക്ക് വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും അനിവാര്യമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പിഴവുകള്‍ വരുത്താതെ ശ്രദ്ധിച്ചാല്‍ ബാധ്യതകളില്ലാതെ ചികിത്സാ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.