കിറ്റെക്‌സ് മുതലാളിയുടെ തൊഴിലാളി സ്നേഹം പൊള്ള : മിനിമം കൂലി ഇല്ല; ലേബർ ക്യാമ്പ്‌ കാലിത്തൊഴുത്ത്‌ ; തൊഴിൽ, ആരോഗ്യ വകുപ്പ്‌ റിപ്പോർട്ട്‌ പുറത്ത്.

കൊച്ചി : കിഴക്കമ്പലത്തെ കിറ്റെക്‌സ്‌ കമ്പനിയിലെ തൊഴിലാളികളിൽ 80 ശതമാനംപേർക്കും മിനിമം കൂലി നൽകുന്നില്ലെന്ന്‌ ജില്ലാ തൊഴിൽവകുപ്പ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. എണ്ണായിരത്തിലേറെവരുന്ന ഈ തൊഴിലാളികൾക്ക്‌ ആറുമാസത്തെ മിനിമം കൂലി കണക്കാക്കിയാൽ മൂന്നുകോടിയോളം രൂപ കമ്പനി കുടിശ്ശിക വരുത്തിയിട്ടുള്ളതായും തൊഴിൽവകുപ്പ്‌ അധികൃതർ പറഞ്ഞു. കുടിശ്ശിക തീർത്ത്‌ എല്ലാ തൊഴിലാളികൾക്കും അടിയന്തരമായി മിനിമം കൂലി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കിറ്റെക്‌സ്‌ കമ്പനിക്ക്‌ നോട്ടീസ്‌ നൽകിയതായും തൊഴിൽവകുപ്പ്‌ അറിയിച്ചു.

കമ്പനിവളപ്പിലെ ലേബർ ക്യാമ്പിന്റെ അവസ്ഥ കാലിത്തൊഴുത്തിനേക്കാൾ ശോചനീയമെന്നും കോവിഡ്‌ പോലുള്ള മഹാവ്യാധിയുടെ കാലത്തും തൊഴിലാളികളുടെ ആരോഗ്യത്തിന്‌ കടുത്ത ഭീഷണിയാകുന്ന സാഹചര്യമാണ്‌ ലേബർ ക്യാമ്പിലുള്ളതെന്നും ജില്ലാ ആരോഗ്യവകുപ്പുകൂടി പങ്കെടുത്ത്‌ നടത്തിയ പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ എട്ടിനാണ്‌ തൊഴിൽ, ആരോഗ്യ വകുപ്പിലെ പത്തോളം ഉയർന്ന ഉദ്യോഗസ്ഥർ കിറ്റെക്‌സ്‌ കമ്പനിയിലും സമീപത്തെ ലേബർ ക്യാമ്പിലും പരിശോധന നടത്തിയത്‌. സംസ്ഥാന ലേബർ കമീഷണറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. കാലവർഷത്തിൽ തൊഴിലാളിഷെഡുകൾ നിലംപൊത്തിയതിന്റെ വാർത്തകൾ വന്നതിനെ തുടർന്നാണ്‌ തൊഴിലാളികളുടെ അവസ്ഥ നേരിട്ടറിയാൻ തൊഴിൽ, ആരോഗ്യ വകുപ്പുകൾ തീരുമാനിച്ചത്‌. 

ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്‌സ്‌മെന്റ്‌) നേതൃത്വത്തിൽ ലേബർ ക്യാമ്പിലെത്തിയ ഉദ്യോഗസ്ഥർ നാനൂറോളം തൊഴിലാളികളിൽനിന്ന്‌ മൊഴിയെടുത്തു. 20 വർഷത്തിലേറെയായി തൊഴിലെടുക്കുന്നവർക്ക്‌ 9000–-12000 രൂപമാത്രമാണ്‌ കൂലിയെന്ന്‌ തൊഴിലാളികൾ മൊഴിനൽകി. തൊഴിലാളികളുടെ ഹാജർ ബുക്ക്‌ കമ്പനിയിൽ സൂക്ഷിക്കുന്നില്ല. മലയാളികളും അതിഥിത്തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്‌.

ലേബർ ക്യാമ്പിൽ 200 ചതുരശ്ര അടിമാത്രം വിസ്‌തീർണമുള്ള മുറിയിൽ പത്തിലേറെപ്പേരാണ്‌ കഴിയുന്നത്‌. ഷെഡുകളുടെ മേൽക്കൂരയിലെ ഇരുമ്പുഷീറ്റ്‌ പലതും പൊളിഞ്ഞുവീണ അവസ്ഥയിലായിരുന്നു. ഷീറ്റുകൾക്കുമുകളിൽ കല്ലുകൾ എടുത്തുവച്ച നിലയിലായിരുന്നു. വെറും നിലത്ത്‌ ഷീറ്റും പായയും വിരിച്ചാണ്‌ തൊഴിലാളികൾ അന്തിയുറങ്ങുന്നത്‌. തറയിൽ സിമന്റ്‌ തേച്ചിട്ടില്ല. പരിസരത്താകെ പൊടിയും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്‌. അയ്യായിരത്തിലേറെ തൊഴിലാളികളാണ്‌ ഷെഡുകളിലുള്ളത്‌. കോവിഡ്‌ മാനദണ്ഡമൊന്നും പാലിക്കുന്നില്ല. ശുചിമുറിസൗകര്യവും ആവശ്യത്തിനില്ല. പരിമിതമായ സൗകര്യങ്ങളോടുകൂടിയ പൊതുശുചിമുറികളാകട്ടെ അത്യന്തം വൃത്തിഹീനമാണെന്നും ജില്ലാ ആരോഗ്യവകുപ്പ്‌ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.