'ലെറ്റ്സ് ഗോ ഡിജിറ്റൽ' പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കമാകുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലായിടത്തും ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്മെൻറ് സിസ്റ്റത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റാ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ച തയ്യാറാക്കിയ LMS മറ്റ് സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇൻറർനെറ്റ് കണക്റ്റിവിറ്റി എല്ലായിടത്തും ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ചുവർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രമാക്കുക കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകും . ഈ രീതിയിൽ ഡിജിറ്റൽ ബാങ്ക് തയ്യാറാക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.