ആപ്പിളിനെ മറികടന്ന് MI : ആഗോള തലത്തില്‍ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍..

മുംബൈ : ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി ഷവോമി. ആപ്പിളിനെ മറികടന്നാണ് ഷവോമി ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവും പ്രാദേശിക എതിരാളിയുമായയ ഹുവാവെയുടെ പിന്‍വാങ്ങലില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന് ഭീഷണിയായാണ് ഷവോമിയുടെ വളര്‍ച്ച.

കനാലിസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021 ന്റെ രണ്ടാം പാദത്തില്‍, വില്‍പ്പനയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇപ്പോഴും 19 ശതമാനം വിപണി വിഹിതവുമായി മുന്നില്‍ നില്‍ക്കുന്നു, അതേ കാലയളവില്‍ 17 ശതമാനം വിപണി വിഹിമാണ് ഷവോമിക്കുള്ളത്.

ലാറ്റിനമേരിക്കയില്‍ ഷവോമിയുടെ കയറ്റുമതി 300 ശതമാനത്തിലധികവും ആഫ്രിക്കയില്‍ 150 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ദ്ധിച്ചു. എംഐ 11 അള്‍ട്രാ പോലുള്ള ലൈന്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയെന്നതാണ് ഷവോമിയുടെ ലക്ഷ്യമെന്ന് കനാലിസ് പറയുന്നു.

എന്നാല്‍ മറ്റ് ചൈനീസ് ബ്രാന്‍ഡുകളായ ഓപ്പോ, വിവോ എന്നിവയില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, സാംസങിനെ മറികടന്ന് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാകാന്‍ ഷവോമിക്ക് നല്ല സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വളര്‍ച്ചയില്‍ നിന്നും വ്യക്തമാകുന്നത്.