വരൂ, ഇനി ബഹിരാകാശത്തേക്ക് ഉല്ലാസയാത്രപോകാം : വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ദൗത്യം വിജയകരം, ആദ്യ സഞ്ചാരി കൂട്ടത്തിൽ റിച്ചാർഡ് ബ്രാൻസണും.. | Virgin Galactic Unity 22

ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്റെ സ്വപ്‌നദൗത്യം യാഥാര്‍ത്ഥ്യമായി. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ യൂണിറ്റി 22 സ്‌പേസ് ഫ്‌ളൈറ്റില്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍  അഞ്ചുപേര്‍ക്കൊപ്പം ബഹിരാകാശത്ത് എത്തി . പത്തു മിനുട്ടോളം അവിടെ കാഴ്ചകള്‍ കണ്ടു.  മൂന്നു മിനുട്ടോളം മൈക്രോ ഗ്രാവിറ്റിയില്‍ ഭാരമില്ലായ്മ അനുഭവിച്ചു. തിരികെ സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡു ചെയ്തു. ചരിത്ര നിമിഷങ്ങള്‍ക്കു പങ്കാളിയാവാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ഇന്ത്യയില്‍ ജനിച്ച സിരിഷ ബാന്‍ഡ്ലയും വിര്‍ജിന്‍ ഗാലക്ടിക്കിന്റെ യൂണിറ്റി 22 വിമാനത്തില്‍ ബഹിരാകാശത്തെത്തി. രാകേശ് ശര്‍മ്മയ്ക്കും സുനിതാ വില്യംസിനും കല്‍പ്പനാ ചൗളയ്ക്കും ശേഷം നാലാമത് ബഹിരാകാശത്തെത്തിയ ഇന്ത്യാക്കാരി. മൂന്നാമത്തെ ഇന്ത്യന്‍ വനിത.

17 വര്‍ഷം മുമ്പ്  കണ്ട സ്വപ്‌നത്തെ പിന്തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തില്‍ എത്തുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയാകാന്‍ അദ്ദേഹം സ്വപ്നം കണ്ടു. 2021 ജൂലൈ 11 ന് ബ്രാന്‍സണ്‍ സ്വന്തം ബഹിരാകാശവാഹനത്തില്‍ സ്‌പേസ് ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടന്നുവന്ന ബഹിരാകാശയാത്രികനുമായി. 

ആരാണീ റിച്ചാര്‍ഡ് ബ്രാന്‍സണ്‍

ബിസിനസ്സുകാരന്‍, വ്യവസായി കോടീശ്വരന്‍ എന്നൊക്കെ വിശേഷിപ്പിക്കാം. ലോകമെമ്പാടും പരന്നു കിടക്കുന്ന വിര്‍ജിന്‍ ശൃംഖലയുടെ ഉടമയാണദ്ദേഹം. വിര്‍ജിന്‍ എയര്‍വേയ്‌സ്, വിര്‍ജിന്‍ കാര്‍ഗോ, വിര്‍ജിന്‍ ഹോളിഡേയ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, വിര്‍ജിന്‍ മൊബൈല്‍,  വിര്‍ജിന്‍ റെയില്‍ ഇങ്ങനെ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന് ഭൂമിയില്‍ ഒരു മനുഷ്യന്‍ സങ്കല്‍പ്പിക്കാവുന്നതെല്ലാം ഉണ്ട്.  ഇപ്പഴിതാ സ്വകാര്യ ബഹിരാകാശ ടൂറിസത്തിന്റെ ഉടമയും. എപ്പോള്‍ വേണമെങ്കിലും ബഹിരാകാശത്തു പോകാന്‍ കഴിയുന്ന ഏകവ്യക്തി. കരയിലും വെള്ളത്തിലും ആകാശത്തും...പോരാ ബഹിരാകാശത്തും എത്തും വിര്‍ജിന്‍ പെരുമ.  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചങ്ങാത്തത്തിലായ മനുഷ്യസ്നേഹി. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഇതെല്ലാമാണ്. 

ചരിത്രം കുറിച്ച സ്‌പേസ് ടൂറിസം 

ന്യൂ മെക്‌സിക്കോയിലെ മൊജാവേ മരുഭൂമിയില്‍ നിന്നാണ് ബ്രാന്‍സണ്‍ തന്റെ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ യൂണിറ്റി 22 വിമാനത്തില്‍ ബഹിരാകാശത്തേക്ക് യാത്ര തുടങ്ങിയത്. സബ് ഓര്‍ബിറ്റല്‍ ലക്ഷ്യമിട്ടാണ് യാത്ര. എല്ലാം അനുകൂലമെങ്കില്‍ 90 മിനുട്ട് ദൈര്‍ഘ്യം മാത്രം . വൈകിട്ട് ആറുമണിയോടെ പുറപ്പെടേണ്ട യൂണിറ്റി 22 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുടക്കത്തില്‍ വൈകി. യാത്രയ്ക്കു മുന്നോടിയായി 'ബഹിരാകാശത്തേക്ക് പോകാനുള്ള മനോഹരമായ ദിവസമാണിതെന്ന്' ബ്രാന്‍സണ്‍ പറഞ്ഞിരുന്നു. വൈറ്റ് നൈറ്റ് വിമാനമാണ് റോക്കറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ വാഹനമായ വിഎസ്എസ് യൂണിറ്റിയെ വഹിച്ച് ആകാശത്തിലേയ്ക്കുയര്‍ന്നത്.  ഏകദേശം 50,000 അടി ഉയരത്തില്‍ അഥവാ 15 കിലോമീറ്റര്‍ ഉയരത്തില്‍ യൂണിറ്റിയെ എത്തിച്ച ഇവ മടങ്ങി.  

ഒരു സ്വകാര്യ ജെറ്റിന്റെ വലുപ്പമാണ് യൂണിറ്റിയ്ക്കുള്ളത്. അതിന്റെ റോക്കറ്റ് എഞ്ചിന്‍ ഉപയോഗിച്ച 80 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോഴേയ്ക്കും വാഹനം മാക് 3( Mach 3)  വേഗത -ശബ്ദത്തിന്റെ വേഗതയുടെ മൂന്നിരട്ടി സ്വന്തമാക്കിയിട്ടുണ്ടാവും.  ബഹിരാകാശവാഹനം സ്ട്രാറ്റോസ്ഫിയറിന്റെ അവസാന വലയത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ ഗ്രഹത്തിന്റെ പൂര്‍ണ്ണമായ ബഹിരാകാശ കാഴ്ച ലഭിക്കുന്നതിന് സീറ്റില്‍ നിന്ന് സ്വയം അഴിച്ചു മാറ്റി നീങ്ങാനാവും. തുടര്‍ന്ന് കുറച്ച് മിനിറ്റ് ഭാരക്കുറവ് അനുഭവിക്കാം. 

യൂണിറ്റി വീണ്ടും മടക്കയാത്രയ്ക്ക് ഒരുങ്ങുകയായി. ഭൂമിയിലേയ്ക്കുള്ള പുനഃപ്രവേശനത്തിനായി ക്രമീകരിച്ചു തുടങ്ങുന്നു. വിമാനം ചിറകുകള്‍ പിന്നിലേയ്ക്കു മടക്കുന്നു. പക്ഷികള്‍ തൂവലുകള്‍ ഒതുക്കും പോലെയാണിത് . അതിനാല്‍ ഫെദറിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. നാസയുടെ ബഹിരാകാശവാഹനം പോലെ പിന്നോട്ട് നീങ്ങുകയും ചെയ്യുന്നു. 15 മിനിറ്റ് കുത്തനെ താഴേയ്ക്കുള്ള യാത്രയാണ് പിന്നീട്. മടക്കയാത്രയില്‍ മറ്റേതു വാണിജ്യ വിമാനം പോലെ അത് ഭൂമിയില്‍ ലാന്‍ഡു ചെയ്യുന്നു. 

റോക്കറ്റ് ഉപയോഗിച്ചുള്ള ബഹിരാകാശ പേടകം റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റായ ഡേവിഡ് മാക്കെയും ചീഫ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ മൈക്കല്‍ മസൂച്ചിയുമാണ് പൈലറ്റ് ചെയ്തത്. നാസയുടെ മുന്‍ എഞ്ചിനീയറായ ചീഫ് ബഹിരാകാശ യാത്രികന്‍ ബെത്ത് മോസസും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വംശജയായ സിരിഷ ബന്ദ്ല  വിര്‍ജിന്‍ ഗാലക്റ്റിക് ഗവണ്‍മെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റാണ്. 

'കുട്ടിക്കാലത്ത് എനിക്ക് ബഹിരാകാശത്തേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. അത് എന്റെ തലമുറയ്ക്ക് സാധ്യതയില്ലാത്തപ്പോള്‍, വിര്‍ജിന്‍ ഗാലക്റ്റിക് എന്ന പേര് ഞാന്‍ രജിസ്റ്റര്‍ ചെയ്തു, അത് സാധ്യമാക്കുന്ന ഒരു കമ്പനി സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണത്'  ബ്രാന്‍സണ്‍ പറഞ്ഞു.

ഇതോടെ ബഹിരാകാശ ടൂറിസത്തിന്റെ തുടക്കം കുറിക്കുന്ന ആദ്യസ്വകാര്യ കമ്പനിയായി വിര്‍ജിന്‍ ഗാലക്റ്റിക് മാറി.  17 വര്‍ഷമാണ് വിവിധ പരീക്ഷണങ്ങളിലൂടെ വിര്‍ജിന്‍ ഗാലക്റ്റിക് കടന്നു പോയത്. അതില്‍ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്, 2007 ല്‍ കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയില്‍ നടന്ന റോക്കറ്റ് മോട്ടോര്‍ പരീക്ഷണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2014 ല്‍ വിര്‍ജിന്റെ റോക്കറ്റ് വിമാനം പരീക്ഷണ പറക്കലിനിടെ പരാജയപ്പെട്ടു. ഒരു പൈലറ്റിനെയും അന്നു നഷ്ടമായി. 2018 ല്‍ രണ്ട് പൈലറ്റുമാരുമായും 2019 ല്‍ മറ്റൊരാളുമായും കമ്പനി ബഹിരാകാശത്തിന്റെ തൊട്ടടുത്തുവരെ വിജയകരമായ പരീക്ഷണ യാത്ര നടത്തി. 

വിനോദ സഞ്ചാരികള്‍ക്കായി സ്വകാര്യ ബഹിരാകാശ യാത്ര വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് കമ്പനി ഇപ്പോള്‍ ഒരുങ്ങുന്നത്. പ്രതിവര്‍ഷം 400 യാത്രകള്‍ നടത്താനാണ് വിര്‍ജിന്‍ ഗാലക്റ്റിക് ലക്ഷ്യമിടുന്നത്.

ജൂലൈ 11 ഒരു ചരിത്ര നിമിഷമാണ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സാഹസിക യാത്രയ്ക്ക് വിര്‍ജിനു പിന്നാലെ കോടീശ്വരന്മാരുടെ നിരയുണ്ട്. മുന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ്, എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ജെഫ് ബെസോസിന്റെ  നേതൃത്വത്തില്‍ ബ്ലൂ ഒറിജിന്‍ യാത്ര പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂലൈ 20 നാണ് ഈ യാത്ര നടക്കുക.