ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‍ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നാണ് താലിബാന്‍ പേരിട്ടിരിക്കുന്നത്. താലിബാന്‍ വക്താവ് ഇത് സ്ഥിരീകരിച്ചു.
തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ആയിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അതേസമയം വിമാനത്താവളത്തിലെ ഭീകരമായ സ്ഥിതി കണക്കിലെടുത്തു വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. വിമാനത്താവളത്തില്‍ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ചയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ച് അധികാരം കൈക്കലാക്കിയത്. പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂള്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ഭീകരര്‍ പ്രസിഡന്റ് കൊട്ടാരത്തില്‍ കയറി കൊടി നാട്ടുകയായിരുന്നു.
ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷ്യപെട്ടു.