കോവിഡ് - 19 പ്രതിസന്ധി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? തോൽക്കാൻ മനസ്സില്ലാത്ത ഈ വീട്ടമ്മയുടെ കഥ നിങ്ങൾക്ക് പ്രചോദനമാകും.. | Inspirational

ചെറുതോ, വലുതോ ആകട്ടെ ഒരു സംരഭം ആരംഭിക്കുവാന്‍ ആദ്യം ആവശ്യമായ മുതല്‍ക്കൂട്ടും മൂലധനവും ആത്മവിശ്വാസമാണ്. പ്രതിസന്ധികളില്‍ ഭയന്നും തളര്‍ന്നും പിന്നോട്ട് പോകാതെ പുതുവഴികള്‍ കണ്ടെത്തി മുന്നോട്ടേക്ക് തന്നെ കുതിക്കുവാന്‍ അത് നിങ്ങള്‍ക്ക് കൂട്ടാകും. ലോകമാകെ പ്രതിസന്ധിയിലായ കോവിഡ് കാലത്തും തന്റെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കൂടുതല്‍ ഉണര്‍വ്വോടെ തന്റെ പ്രവര്‍ത്തന മേഖല ഈര്‍ജ്വസ്വലമാക്കുന്ന ഒരു സംരഭകയെ നമുക്ക് പരിചയപ്പെടാം.

വീട്ടിലുണ്ടാക്കിയ നറുനെയ്യ് നിങ്ങളുടെ വീട്ടകങ്ങളിലേക്ക്

പണ്ട് അമ്മ പാല്‍ കടഞ്ഞെടുത്ത് ഉരുക്കിയുണ്ടാക്കിയ നെയ്യിന്റെ മണം ഓര്‍മയുണ്ടോ? ശുദ്ധതയുടെ അതേ മണത്തിലും നിറത്തിലും ഗുണമേന്മയിലും നെയ്യ് നിങ്ങളുടെ വീട്ടിലെത്തും. ഗീതയുടെ ഹോം ടു ഹോം സംരഭത്തിലൂടെ. ഒപ്പം കാടമുട്ട അച്ചാര്‍, അമ്പഴങ്ങ അച്ചാര്‍, വെര്‍ജിന്‍ വെളിച്ചെണ, മഞ്ഞള്‍ വരട്ടി തുടങ്ങിയ നാടന്‍ ഉത്പ്പന്നങ്ങളും ലഭിക്കും. ഏഴാം ക്ലാസ് വരെ എല്ലാ നിറങ്ങളും കണ്‍നിറയെ കണ്ടു ജീവിച്ച ഗീതയുടെ കാഴ്ചകള്‍ക്ക് മേല്‍ ഇരുട്ട് നിറഞ്ഞത് തീര്‍ത്തും പ്രതീക്ഷിക്കാതെയായിരുന്നു. കണ്ണുകളിലെ വെളിച്ചം പൂര്‍ണമായും നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിലെ വെളിച്ചമണയ്ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ഗീത മുന്നോട്ട് പോയി. കേരള വര്‍മ കോളേജിലെ ഡിഗ്രീ പഠനത്തിന് ശേഷം കൂട്ടുകാരനായ സലീഷിനെ ജീവിതപങ്കാളിയായി കൂടെക്കൂട്ടി ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളിലേക്ക് കടന്നു. ഇന്നവര്‍ക്ക് കൂട്ടായി രണ്ട് കുഞ്ഞുങ്ങളും കൂടെയുണ്ട്. പല ചികിത്സയ്ക്ക് ശേഷവും കാഴ്ചാ ശക്തി പൂര്‍ണമായും നേടിയെടുക്കുാവന്‍ സാധിച്ചിട്ടില്ല, നിഴല്‍ പോലെ മാത്രമേ ഗീതയ്ക്ക് ഇപ്പോഴും കാണുവാന്‍ സാധിക്കുകയുള്ളൂ.


പരിമികളിലും തളരാതെ

ചിലയിടത്തൊക്കെ ജോലിയ്ക്കായി അപേക്ഷിച്ചുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു എപ്പോഴും ഗീതയുടെ ആഗ്രഹം. മെഡിക്കല്‍ റെപ്പസെന്റേറ്റീവ് ആയിരുന്ന ഭര്‍ത്താവ് സലീഷിന്റെ ജോലിയും വരുമാനവും അനിശ്ചിതാവസ്ഥയിലാക്കിയ കോവിഡ് കാലത്ത് തന്റെ മനസ്സിലുള്ള ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ഗീത സംരഭകയുടെ വേഷം ഏറ്റെടുത്തു. വീട്ടില്‍ കോഴി, കാട എന്നിവയെ വളര്‍ത്തിയായിരുന്നു തുടക്കം. ലോക്ക് ഡൗണ്‍ കാലത്ത് പ്രതീക്ഷിച്ചത് പോലെ മുട്ടകള്‍ വില്‍പ്പന നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കാടമുട്ട അച്ചാര്‍ എന്ന ആശയം നടപ്പിലാക്കി. പ്രതിസന്ധികള്‍ക്ക് മുന്നിലും നഷ്ടങ്ങള്‍ക്ക് മുന്നിലും എപ്പോഴും ഗീത എന്ന സംരഭയ്ക്ക് മറ്റൊരു വഴി കൂടെയുണ്ടാകും. കൂടാതെ അതിനൊപ്പം പാലില്‍ നിന്നും നെയ്യ് ഉണ്ടാക്കി വില്‍പ്പന നടത്തുവാന്‍ ആരംഭിച്ചു. മറ്റ് യന്ത്ര സാമഗ്രികളോ സംവിധാനങ്ങളോ ഇല്ലാതെ വീട്ടില്‍, പണ്ടു കാലത്ത് അടുക്കളയില്‍ പാല്‍ തൈരാക്കി വെണ്ണ കടഞ്ഞെടുത്ത് എങ്ങനെ നെയ്യാക്കുന്നുവോ അതേ രീതിയിലാണ് ഗീത നെയ്യ് തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ നെയ്യിന്റെ രുചിയും മണവും പ്രത്യേകമാണ്.

വില്‍പ്പന ഓണ്‍ലൈനായി

ഒറ്റയ്ക്ക് നടത്തിക്കൊണ്ടുപോകുന്നതിനാല്‍ തന്നെ ചെറിയ രീതിയിലാണ് ഗീതയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. ഇപ്പോള്‍ ഏകദേശം 24 ലിറ്ററോളം പാല്‍ വാങ്ങിച്ചു തൈര് ആക്കിമാറ്റുന്നുണ്ട്. ഇതില്‍ നിന്നും 950 ഗ്രാമോളം നെയ്യാണ് ലഭിക്കുക. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ നെയ്യ് ബോട്ടിലുകള്‍ തയ്യാറാകുമ്പോള്‍ തന്നെ ആവശ്യക്കാരെത്തുകയും ഉടനടി വിറ്റ് തീരുകയും ചെയ്യും. ഉത്പ്പന്നം കെട്ടിക്കിട്ടക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഓണ്‍ലൈനായാണ് വില്‍പ്പന കൂടുതലായും നടക്കുന്നത്. ഉത്പ്പന്നങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും ഹോം ടു ഹോമിന്റെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. ആവശ്യക്കാര്‍ക്ക് കൊറിയര്‍ വഴി അയച്ചു നല്‍കുകയാണ് ചെയ്യുക. വീട്ടിലുണ്ടാക്കുന്ന ശുദ്ധമായ ഉത്പ്പന്നങ്ങളായതിനാല്‍ വിപണിയില്‍ ലഭിക്കുന്ന സമാന ഉത്പ്പന്നങ്ങളെക്കാള്‍ വില അല്‍പ്പം അധികമാണെങ്കില്‍ പോലും ചൂടപ്പം പോലെയാണ് ഉത്പ്പന്നങ്ങള്‍ വിറ്റു പോകുന്നത്.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് വിജയ മന്ത്രം

വീട്ടില്‍ 100 കാടകളും 50 നാടന്‍ കോഴികളുമുണ്ട്. ഇതെല്ലാം നോക്കി നടത്തുന്നതും വില്‍പ്പനയുമായി എല്ലാം കൈകാര്യം ചെയ്യുന്നതും ഗീത തന്നെ. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭര്‍ത്താവും കുട്ടികളും പൂര്‍ണ പിന്തുണയാണ്. അതുതന്നെയാണ് ഏറ്റവും വലിയ മോട്ടിവേഷനെന്നും ഗീത കൂട്ടിച്ചേര്‍ക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അമല നഗറില്‍ ഒരു ചെറുവാടക വീട്ടിലാണ് ഗീതയും കുടുംബവും കഴിയുന്നത്. സംരഭം കൂടുതല്‍ വികസിപ്പിക്കണമെന്നും സ്വന്തമായി ഒരു വീട് വയ്ക്കണമെന്നുമാണ് ഗീതയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ സംരഭം വികസിപ്പിക്കുമ്പോഴായാലും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയുണ്ടാവുകയില്ലെന്നും ഈ യുവ സംരഭക ഉറപ്പുനല്‍കുന്നു.

പ്രചോദനം ഈ ജീവിത കഥ!

മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ഗീതയുടെ ഹോം ടു ഹോം ഉത്പ്പന്നങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നവരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളും പ്രോത്സാഹനവുമാണ് ഗീതയെ തേടിയെത്തുന്നത്. ഇത് മുന്നോട്ട് പോകുവാനുള്ള തന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തുകയാണെന്നും ഗീത പറയുന്നു. ' പരിമിതികളില്‍ തളര്‍ന്ന് ഇരിക്കുകയല്ല വേണ്ടത്. ഓരോ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും നമ്മുടെ കഴിവുകള്‍ ഉപയോഗിച്ച് ആ പ്രതിസന്ധികളെ മറികടക്കുവാനുള്ള വഴികള്‍ നാം കണ്ടെത്തണം. വീട്ടിലിക്കുന്ന സ്ത്രീ ആണെങ്കിലും സാമ്പത്തീകമായി സ്വയം പര്യാപ്തയായിരിക്കണം' ഗീതയുടെ ഈ വാക്കുകള്‍ തങ്ങളുടെ സംരഭക സ്വപ്‌നം നടപ്പിലാക്കുവാന്‍ തയ്യാറെടുക്കുന്ന വനിതകള്‍ക്ക് ഏറെ പ്രചോദനമാണ്. ഉത്പ്പന്നങ്ങള്‍ക്കായി ബന്ധപ്പെടാം ഗീതയുടെ ഫോണ്‍ - 9946418035