കൂടുതൽ ഭയക്കണം പുതിയ കോവിഡ്-19 വകഭേദത്തെ : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് ഭീകരമെന്ന്‌ പഠനം.

ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിന് പിടിതരില്ലെന്നും പഠനം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്‌ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ വര്‍ഷം മെയ്യിലാണ് കൊവിഡിന്റെ സി 1.2 വകഭേദം ആദ്യമായി കണ്ടെത്തിയത്.

ആഗസ്റ്റ് 13-വരെയായി ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. സി1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായ സി1.2-ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാണ് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

അതേസമയം, ഓരോ മാസംതോറും ദക്ഷിണാഫ്രിക്കയിലെ സി 1.2 വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 0.2 ശതമാനമാണ് സ്ഥീരികരിച്ചതെങ്കില്‍ ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ 2 ശതമാനമായും ആ വകഭേദം ഉയര്‍ന്നു.

സി.1.2 വംശത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷനുകളുടെ പരിവര്‍ത്തന നിരക്ക് ഉണ്ട്, ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു.

'ഇത് കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതും വേഗത്തില്‍ പടരുന്നതിനുള്ള സാധ്യതയുമാണ്. സ്‌പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഇത് രോഗപ്രതിരോധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ഇടയാക്കും, ആ നിലയ്ക്ക് ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് ഒരു വെല്ലുവിളിയുമാണെന്ന് അധികൃതർ പറയുന്നു.