പ്രതിഷേധം ഫലം കണ്ടു, പുഴയിലേക്ക് പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളിയ വഴിയോര കച്ചവടക്കാരനെതിരെ നടപടിയുമായി ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്.

ചപ്പാരപടവ് : പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ഓവുചാല്‍ വഴി പുഴയിലേക്ക് ഒഴുക്കിവിട്ട അനധികൃത വ്യാപാരിക്ക് പിഴയീടാക്കി. ചപ്പാരപ്പടവ് ടൗണില്‍ പാതയ്ക്കരികില്‍ പച്ചക്കറി സാധനങ്ങള്‍ ഉള്‍പ്പടെ അനധികൃതമായി കച്ചവടം നടത്തിവന്ന ചപ്പാരപ്പടവ് തുയിപ്ര സ്വദേശിക്കാണ് പഞ്ചായത്ത് സെക്രട്ടറി പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുക, പൊതു ജലാശയം മലീമസമാക്കുക, പ്ലാസ്റ്റിക്ക് മനപ്പൂര്‍വമായി പൊതുസ്ഥലങ്ങളില്‍ തള്ളുക തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി പിഴ ഈടാക്കുവാന്‍ തീരുമാനമായത്.

രാത്രിയുടെ മറവില്‍ ഓവുചാല്‍ വഴി സ്വന്തം സ്ഥാപനത്തിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതിനെ മംഗര സ്പാര്‍ക്ക് ക്ലബ്ബ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. മാലിന്യം ഓവുചാല്‍ വഴി പുഴയിലേക്ക് തള്ളുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ കൂടെ അടിസ്ഥാനത്തില്‍ സ്പാര്‍ക്ക് ക്ലബ്ബ് നല്‍കിയ പരാതിയിന്മേല്‍ ആണ് പഞ്ചായത്ത് സെക്രട്ടറി നടപടി എടുത്തിരിക്കുന്നത്.

നിലവില്‍ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിന്‍കീഴില്‍ ശക്തമായ ഒരു മാലിന്യ സംസ്ക്കരണ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ വര്‍ഷവും അറവ് മാലിന്യങ്ങള്‍ ഉള്‍പ്പടെ വ്യാപകമായി പുഴയില്‍ തള്ളുകയും കൂവേരി മേഖലയിലെ കടവുകളില്‍ അടിയുകയും തുടര്‍ന്ന്‍ വ്യാപകമായി പകര്‍ച്ച വ്യാധികള്‍ പടരുകയും ചെയ്ത സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സമീപ പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തനം ചപ്പാരപ്പടവില്‍ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്നില്ല എന്നതും ഇത്തരം സംഭവങ്ങള്‍ പെരുകാന്‍ കാരണമാണ്.

മാലിന്യങ്ങള്‍കുടിവെള്ളവുമായി കലരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നവയാണ്. പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പടെ പുഴകളിലും അത് വഴികടലിലേക്കും എത്തുന്നത് ലോകത്താകമാനം വളരെയധികം വിപത്തുകള്‍ക്ക് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.പ്ലാസ്റ്റിക്കുകള്‍ സമുദ്ര ജീവികള്‍ക്കും, അതുവഴിമനുഷ്യരിലേക്ക് എത്തിയും മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാം.പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്നതും, ജലാശയങ്ങളും പൊതു സ്ഥലങ്ങളും ശുചിയായിസൂക്ഷിക്കുക എന്നതും ആണ് ഈ വിപത്തിനെ തടയാനുള്ളമാര്‍ഗ്ഗങ്ങള്‍.

\