ഓൺലൈൻ വിപണി പിടിക്കാൻ കൺസ്യൂമർഫെഡും, വൻ ഓഫറുകളും റീഡക്ഷനും. ഓണം പർച്ചേസ് വീട്ടിൽ നിന്ന് തന്നെ നടത്താൻ വിപുലമായ സൗകര്യം. | Consumerfed online store.

തിരുവനന്തപുരം : കോവിഡ്‌ കാലത്തെ ഓണാഘോഷത്തിന്‌ തിക്കും തിരക്കുമില്ലാതെ സാധനം വാങ്ങാൻ ഓൺലൈൻ സൗകര്യം വിപുലമാക്കി സർക്കാർ. നിത്യോപയോഗ സാധനം ഉൾപ്പെടെയുള്ളവ കുറഞ്ഞ നിരക്കിൽ വീടുകളിലെത്തിക്കലാണ്‌ ലക്ഷ്യം. സപ്ലൈകോ, കൺസ്യൂമർഫെഡ്‌ എന്നിവയുടെ ഓൺലൈൻ പോർട്ടൽ വഴി പരമാവധി ഉൽപ്പന്നം വാങ്ങാം. ഇതുവഴി ജനം പുറത്തിറങ്ങി തിരക്കുണ്ടാകുന്നത്‌ ഒഴിവാക്കാം.

www.consumerfed.in എന്ന പോർട്ടൽ വഴി സാധനം ഓർഡർ ചെയ്യാം. ഗൃഹോപകരണങ്ങളും ഓൺലൈനായി ലഭ്യമാണ്‌. ബുക്ക് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ സാധനമെത്തും. ഓൺലൈൻ പേമെന്റ്‌, ക്യാഷ് ഓൺ ഡെലിവറി സൗകര്യവുമുണ്ട്‌. ത്രിവേണിയിലെ നിരക്കിലാണ് ഓൺലൈനിലും വിൽപ്പന. ആകർഷകമായ ഓണം ഓഫറുമുണ്ട്‌. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കും. തിരുവനന്തപുരം, കോഴിക്കോട്- ജില്ലയിലാണ്‌ നിലവിൽ സൗകര്യം. ഘട്ടംഘട്ടമായി മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പത്തനംതിട്ട ഒഴികെയുള്ള ജില്ലയിൽ സപ്ലൈകോ ഉൽപ്പന്നം ഓൺലൈനിൽ ലഭിക്കും. കെപ്‌കോയിൽനിന്നുള്ള കോഴിയിറച്ചിയും മത്സ്യഫെഡിൽനിന്നുള്ള മീനും ഹോർട്ടികോർപ്പിൽനിന്നുള്ള പച്ചക്കറിയും വീട്ടിലെത്തും. ഗൃഹോപകരണത്തിന്‌ 40 ശതമാനംവരെ വിലക്കുറവുണ്ട്‌.ബിഗ്‌കാർട്ട്‌കേരള, എ എം നീഡ്‌സ്‌, സുമോകാർട്ട്‌, എല്ലോ കാർട്ട്‌ തുടങ്ങിയ സേവന ദാതാക്കളുമായി ചേർന്നാണ്‌ പദ്ധതി. ഓരോ ജില്ലയിലും ലഭ്യമായ സേവനദാതാക്കളുടെ വെബ്‌സൈറ്റ്‌ വിലാസം http://www.supplycokerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.

സ്വകാര്യ സ്ഥാപനങ്ങളും ഓൺലൈൻ ഡെലിവറിയുണ്ട്‌. ഓണസദ്യ ഉൾപ്പെടെയുള്ളവ വീട്ടിലെത്തും. കെടിഡിസിയുടെ പായസവും ലഭ്യമാണ്‌. വിഎഫ്‌പിസികെ മുറിച്ച പച്ചക്കറി പായ്‌ക്കറ്റിലാക്കി പ്രധാന നഗരങ്ങളിൽ വീട്ടിലെത്തിക്കും.