പൊതു സ്ഥലത്ത് സ്ത്രീകൾക്ക് നേരെ അശ്ലീല ചേഷ്ടകളും അപമാനിക്കലും : മറ്റുള്ളവർ അറിയാതെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കലും. പ്രാങ്ക് എന്ന പേരിൽ ആഭാസം നടത്തുന്ന യുവാവ് അറസ്റ്റിൽ.

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന 'പ്രാങ്ക് വീഡിയോ' ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്നയാളാണ് അറസ്റ്റിലായത്.

സൂഹൃത്തുക്കളോടൊപ്പമാണ് ആകാശ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ സമീപിച്ച് അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് പൊല്ലാപ്പായത്. അശ്ലീല ചേഷ്ടകള്‍ കാട്ടുമ്പോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും. ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.

എറണാകുളം കച്ചേരിപ്പടി ജംങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം പ്രാങ്ക് ചെയ്തത്. 'കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തല്‍ - പ്രാങ്ക് വിഡിയോ' (ഡിസ്റ്റര്‍ബിംഗ് ദ ഫീമേല്‍സ്, കേരള പ്രാങ്ക്) എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ആകാശിന്റെ സുഹൃത്തുക്കളേയും തിരയുകയാണ്.