വാഹനങ്ങളിലെ മോഡിഫിക്കേഷൻ : അനുവദനീയമായത് ഏതൊക്കെ ? നിയമ വിരുദ്ധമായത് ഏതൊക്കെ ? വിവാദങ്ങൾക്ക് പിന്നിൽ 'വൈറൽ ആവുക' മാത്രമോ ലക്ഷ്യം ? ഈ സംശയങ്ങൾക്കുള്ള ഉത്തരം ഇവിടെ വായിക്കാം.. : | Vehicle Modifications

വാഹന മോഡിഫിക്കേഷനെപ്പറ്റി പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. ഒരു വാഹനത്തില്‍ എന്തൊക്കെ മോഡിഫിക്കേഷനാണ് ചെയ്യാവുന്നത്? എന്തൊക്കെയാണ് ചെയ്യാന്‍‌ പാടില്ലാത്തത്? ഇതാ അറിയേണ്ടതെല്ലാം.

വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്നാണ് 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ് ഈ മേഖലയിലെ ഒരു സുപ്രധാന വഴിത്തിരവ്. അതായത് ഒരു വാഹനത്തിന്‍റെ അടിസ്​ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ്​ നിയമം. വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, പുറത്തേക്കു തള്ളിയ അലോയ്​ വീലുകൾ, ശക്തമായ ലൈറ്റ്​, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫി​ക്കേഷനുകളും കുറ്റകരമാണ്​​. ഇതാ ചെയ്യാവുന്നതും അരുതാത്തുമായ കാര്യങ്ങള്‍ വിശദമായി

നമ്പർ പ്ലേറ്റ്
നമ്പർ പ്ലേറ്റിൽ എഴുത്തുകളും മറ്റ് ചിത്രങ്ങളൊന്നും പാടില്ല. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളാണ് (HSRP) ഇപ്പോൾ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോൾ ​ത​ന്നെ ഹോളോഗ്രാം പതിപ്പിച്ച അ​തി​സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നിര്‍മ്മാതാക്കള്‍ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം. ഇത് ഊരി മാറ്റാന്‍ കഴിയാത്തതും, ഊരിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്‌നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. ഇത് പിരവാഹന്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിരിക്കും. പഴയ വണ്ടികൾ പതിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. പക്ഷേ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ റൂൾ 51 പ്രകാരമുള്ള നമ്പറുകളും, സൈസുകളും നമ്പർ പ്ലേറ്റിൽ വേണം. ഈ നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി ചെയ്‍താല്‍ കുടുങ്ങുമെന്ന് ചുരുക്കം.

നിറം
വാഹനത്തിന്‍റെ നിറം അടുമുടി മാറ്റുന്നതിന് നിയമപരമായി വിലക്കുണ്ട്. എന്നാല്‍ വണ്ടിയുടെ ബോണറ്റ് മാത്രമോ, മുകൾ വശമോ മാത്രം നിറം മാറ്റുന്നതിൽ പ്രശ്നമില്ല. അതേസമയം മുഴുവൻ നിറവും മാറ്റുകയാണെങ്കിൽ അത് ആർടിഒ ഓഫിസിൽ അറിയിക്കണം. ഓൺലൈനായി അപേക്ഷിച്ച് വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം ആർസി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തണം.

ചക്രം
വാഹനങ്ങളില്‍ അലോയ് വീലുകൾ പാടില്ല എന്നൊരു പ്രചരണം വ്യാപകമാണ്. എന്നാൽ ഇത് തികച്ചും വാസ്‍തവവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുറത്തേക്ക് തള്ളിനിക്കുന്ന വീലുകൾക്കാണ് നിരോധനം. അതുപോലെ തന്നെ EXTRA WIDE വീലുകളും വാഹന മോഡിഫിക്കേഷൻ നിയമത്തിന്റെ പരിധിയിൽ വരും. മാനുഫാക്ചറിം​ഗ് കമ്പനികൾ നിർദേശിക്കുന്ന HIGH VARIENT മുതൽ LOW VARIENT വരെയുള്ള വീൽ സൈസുകളുംഅതിന് പറ്റിയ അലോയികളും ഉപയോ​ഗിക്കാം.

ക്രാഷ്ബാർ, ബുൾബാർ
ക്രാഷ് ബാറുകൾ, ബുൾ ബാറുകൾ എന്നിവയ്ക്ക് സുപ്രിംകോടതി വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ക്രാഷ്ബാറുകളോ, ബുൾബാറുകളോ ഘടിപ്പിച്ച ഒരു വാഹനം വഴിയാത്രക്കാരനെ ഇടിച്ചാൽ ഗുരുതരമായ പരുക്കുകള്‍ സംഭവിക്കും. മാത്രമല്ല, ബുൾബാറുണ്ടെങ്കിൽ വാഹനത്തിലെ എയർ ബാ​ഗ് പ്രവർത്തിക്കില്ല.

കർട്ടനുകൾ
വാഹനങ്ങളിലെ കർട്ടനുകൾ ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വണ്ടികളിൽ കർട്ടനുപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്.

സൈലൻസർ
സൈലൻസർ ഒരു വണ്ടിയുടെ PERFORMANCE നെ സ്വാധീനിക്കുന്ന വസ്‍തുവാണ് . അതുകൊണ്ട് തന്നെ സൈലൻസറിൽ രൂപ മാറ്റം വരുത്താൻ പാടില്ല. എന്നാൽ ചില ബൈക്കുകൾക്ക് ഓപ്ഷനലായി സൈലൻസറുണ്ടാകും. നിശ്ചിത ഡെസിബൽ സൗണ്ടിൽ വരുന്ന, ഓട്ടോമോട്ടീവ് ഇൻഡസ്ട​സ്റ്റിയൽ സ്റ്റാൻഡേർഡ് പ്രകാരമുള്ളവ, ഇവ നമുക്ക് ഉപയോ​ഗിക്കാം. കമ്പനി നൽകുന്ന സൈലൻസർ ഉപയോ​ഗിക്കാം. സൈലന്‍സറിലെ മോഡിഫിക്കേഷനുകള്‍ ഒരുപക്ഷേ വാഹനത്തില്‍ തീ പിടിക്കുന്നതിനു പോലും ഇടയാക്കിയേക്കാം.

ഫോ​ഗ് ലാമ്പുകൾ
ഫോ​ഗ് ലാമ്പുകൾ നിയമ വിരുദ്ധമാണ്. വണ്ടിയുടെ മുൻ വശത്ത് എക്സ്ട്രാ ലൈറ്റുകളൊന്നും വയ്ക്കാൻ പാടില്ല. മൂമ്പിലെ ലൈറ്റുകൾ 50-60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല.

സീറ്റ്
പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്നോവ പോലുള്ള എട്ട് സീറ്റ് വണ്ടി വേണമെങ്കിൽ നാല് സീറ്റാക്കാം. ഇറങ്ങുന്നതിനും കയറുന്നതിനും ബുദ്ധുമുട്ടുണ്ടാകരുത്. ഇതൊക്കെയാണ് സീറ്റുകളുടെ കാര്യത്തിൽ വരുത്താവുന്ന മാറ്റം. എന്നാൽ കമ്പനി അനുവദിക്കുന്നതിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിക്കാൻ പാടില്ല.

സ്റ്റിക്കറുകൾ
ഗ്ലാസിലൊട്ടിക്കുന്ന കൂളി​ഗ് പേപ്പർ, ഭം​​ഗി കൂട്ടാൻ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ, മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ എന്നിവരുപയോ​ഗിക്കുന്ന ലോ​ഗോ സ്റ്റിക്കറുകൾ തുടങ്ങി സ്റ്റിക്കറുകൾ തന്നെ പലവിധമുണ്ട്. ​ഇവ ഉപയോ​ഗിക്കുന്നതിനുമുണ്ട് ചില മാർ​ഗനിർദേശങ്ങൾ

കാറിലെ ​ഗ്ലാസിൽ കൂളിം​ഗ് പേപ്പർ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം അപകടം സംഭവിക്കുമ്പോൾ പൊടിയായി പൊടിഞ്ഞുപോകുന്ന രീതിയിലാണ് വണ്ടിയുടെ ചില്ലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചില്ല് കുത്തിക്കേറിയുണ്ടാകുന്ന മുറിവുകൾ ഒഴിവാകും. പക്ഷേ കൂളി​ഗ് സ്റ്റിക്കർ ഒട്ടിക്കുന്നതോടെ ​ഗ്ലാസുകളുടെ ഈ സ്വഭാവം മാറും. എന്നാൽ വാഹനം നിർമിക്കുമ്പോൾ മുന്നിൽ 70 ശതമാനവും, ഇരുവശങ്ങളിലും 50 ശതമാനവും ടിന്റുള്ള ​ഗ്ലാസുകൾ ഉപയോ​ഗിക്കാം.

മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് സ്റ്റിക്കറുകൾ പതിപ്പിക്കാം. എന്നാൽ ഇവ മറ്റ് യാത്രക്കാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലാകരുത്.

ബസുകളിലെ പരസ്യചിത്രം/ ​ഗ്രാഫിക്സ്
ബസുകളിൽ പരസ്യ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിന് വിലക്കില്ല. പക്ഷേ സർക്കാർ നിശ്ചയിച്ച തുക അടച്ച് ആ തുകയ്ക്കുള്ള വലുപ്പിത്തിനനുസരിച്ചുള്ള പരസ്യ ചിത്രങ്ങൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. എന്നാൽ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഉള്‍പ്പെടെ ശ്രദ്ധ തിരിക്കുന്ന ​ഗ്രാഫിക്സുകള്‍ക്കും നിരോധനം ഉണ്ട്.

ഈ മോഡിഫിക്കേഷനുകൾ ആവാം
അതുപോലെ തന്നെ ജീപ്പുകളുടെ മുകൾഭാ​ഗം, ഹാർഡ് ടോപ്പോ, സോഫ്റ്റ് ടോപ്പോ ആക്കാം. ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളൊന്നും വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ല.

എതിര്‍വാദങ്ങള്‍ 
സർക്കാറിൽ നികുതി അടച്ചാണ്​ മിക്ക ആക്​സസറീസുകളും കടകളിലെത്തുന്നതെന്നും ഇത്​ വിൽക്കാനും വാങ്ങാനും അനുമതിയുണ്ടെന്നും എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രമാവില്ല എന്നത്​ അനീതിയല്ലേ എന്നും ഒരു വിഭാഗം ചോദിക്കുന്നു.  മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്‍തു കൊടുക്കുന്നുണ്ടെന്നും നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.  നിയമത്തിലെ നൂലാമാലകൾ ഒഴിവാക്കി മറ്റുള്ളവർക്ക്​ ശല്യമാകാത്ത വാഹന ബ്യൂട്ടിഫിക്കേഷൻ അനുവദിക്കണമെന്നും​ ഇവർ പറയുന്നു​. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ആവശ്യപ്പെടുന്നു മോഡിഫിക്കേഷന്‍ പ്രേമികള്‍.