#Dog_bite : റാന്നിയിൽ അമ്മയെയും മകളെയും കടിച്ച വളർത്തുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട റാന്നി കൊറ്റനാട്ടിൽ അമ്മയെയും മകളെയും കടിച്ച വളർത്തുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ഇരുവരെയും കടിച്ച നായ ഇന്ന് ചത്തു.
  മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല ലാബിൽ നടത്തിയ പരിശോധനയിലാണ് വളർത്തുനായയ്ക്ക് പേ ബാധിച്ചതായി സ്ഥിരീകരിച്ചത്. കടിയേറ്റ പുഷ്പയ്ക്കും മകൾ രേഷ്മയ്ക്കും വാക്സിൻ എടുത്തിരുന്നു.

  ഇടുക്കി: ഇടുക്കി കുമളിയിൽ തെരുവുനായ ആക്രമണം; ഏഴു പേർക്ക് പരിക്കേറ്റു
  ഇടുക്കി കുമളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാംമൈൽ എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്. തൊടുപുഴ ഇഞ്ചിയാനിയിൽ രണ്ട് ആടുകൾ തെരുവുനായ കടിച്ചു ചത്തു.
  രാവിലെ പാല് വാങ്ങാനും ജോലിക്കുമായി ഇറങ്ങിയ സ്ത്രീകളടക്കമുള്ളവരെയാണ് തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ വലിയകണ്ടം സ്വദേശികളായ പൊന്നുത്തായി, രാജേന്ദ്രലാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഫൈസുൽ ഇസ്ലാം, മൂർത്തി, മോളമ്മ എന്നിവർക്കാണ് പരിക്കേറ്റത്. കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പ്രതിരോധ കുത്തിവയ്പ്പിനായി കട്ടപ്പന ഭൈക്കാക്കർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും ആക്രമിച്ചത് ഒരേ നായയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
  കഴിഞ്ഞ ദിവസം തൊടുപുഴ ഇഞ്ചിയാനിയിൽ വീട്ടുവളപ്പിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചുകീറി. പുറക്കാട്ട് ഔമനക്കുട്ടന്റെ ആടുകളെയാണ് നായ കടിച്ചു കൊന്നത്. പ്രദേശത്തെ നിരവധി വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.