#KUDIYANMALA : ഇല്ല, മാറുകയില്ല, കുടിയാൻമലയുടെ യാത്രാ ദുരിതം.. അറിയണം ഉദ്യോഗസ്ഥർ, ഒരു നാട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ..

നടുവിൽ : കണ്ണൂർ ജില്ലയിലെ ദേശസാൽകൃത റൂട്ട് ആയ തളിപ്പറമ്പ - കുടിയാൻമല റൂട്ടിൽ യാത്രാ ദുരിതം ഇനിയും അവസാനിക്കുന്നില്ല. കെഎസ്ആർടിസി -യുടെ കുത്തക റൂട്ടിൽ ജനഖങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിപ്പിക്കുവാൻ മാത്രമാണ് സർക്കാർ ബസ്സുകളുടെ റൂട്ട് നിശ്ചയിക്കുന്നവരും ശ്രമിക്കുന്നത്.
കൂടുതൽ യാത്രക്കാർ ഉണ്ടാകുന്ന പീക്ക് ടൈമുകളിൽ ബസ്സ് സർവീസ് ഇല്ലാതെയും, യാത്രക്കാർ ആരും ഉണ്ടാകാൻ സാധ്യതയില്ലാത്ത സമയങ്ങൾ കോൺവോ അടിസ്ഥാനത്തിൽ മിനിറ്റുകൾ ഇടവിട്ട് സർവീസ് നടത്തിയും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് കെഎസ്ആർടിസി.
രാവിലെ സ്ക്കൂൾ ടൈമിൽ കുടിയാൻമലയിൽ നിന്നും തളിപ്പറമ്പിലേക്ക് ആകെ ഉള്ളത് ഒന്നോ രണ്ടോ ബസ്സുകൾ മാത്രമാണ്.
അതുപോലെ തളിപ്പറമ്പ ഭാഗത്ത് നിന്നും കുടിയാൻമലയിലേക്ക് വൈകുന്നേരം നാലുമണിക്കും എഴുമണിക്കും ഇടയിൽ ആകെ രണ്ടു ബസ്സുകൾ മാത്രം, ഇതിന് ശേഷം രാത്രിയിൽ ബസ്സും ഇല്ല.
ചിലപ്പോഴൊക്കെയും ഈ ബസ്സുകൾ അപ്രതീക്ഷിതമായി സർവീസ് നിർത്തുന്നതും യാത്രക്കാരെ വിഷമിപ്പിക്കുന്നു.

ഏറെ യാത്രക്കാർ ഉണ്ടാകുന്ന ഈ സമയങ്ങളിൽ ബസ്സിൽ ഓവർലോഡ് കയറ്റിയാണ് യാത്ര തുടരുന്നത്, ചിലപ്പോൾ ബസ്സുകൾക്ക് പിന്നിൽ തൂങ്ങിയും മുകളിൽ കയറിയും യാത്ര ചെയ്യേണ്ടുന്ന ഗതികേടിലാണ് വിദ്യാർഥികൾക്കും പുറം നാടുകളിൽ ജോലി ചെയ്യുന്നവർക്കും. എന്നാൽ രാവിലെ കുടിയാൻമലയിലേക്കും, വൈകുന്നേരം തളിപ്പറമ്പിലേക്കും യാത്രക്കാർ ഒട്ടും ഉണ്ടാകാൻ സാധ്യത ഇല്ലാതിരുന്നിട്ടും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും ഡയറക്റ്റ് കണ്ണൂർ ബസ്സുകളും ഉൾപ്പടെ അഞ്ചോളം ബസുകളാണ് ഉള്ളത്. ഇതിൽ ചിലത് ഒന്നിന് പിറകെ ഒന്നായാണ് സർവീസ് നടത്തുന്നത്.
പ്രൈവറ്റ് ബസ്സുകൾ ഇല്ലാത്തതിനാലും, മറ്റ് സമാന്തര സർവീസുകൾ നടത്തിയ വാഹനങ്ങളെ നിയമം പറഞ്ഞ് വിരട്ടി ഒഴിവാകുന്നതിനാലും കുടിയാൻമലക്കാർക്ക് യാത്രാ ദുരിതം തുടർക്കഥ തന്നെ ആവുകയാണ്.

അമിത ഭാരം കയറ്റി പോകുന്ന ബസുകളാൽ ഉണ്ടാകുന്ന അപകടം മാത്രമായിരിക്കും ഒരുപക്ഷേ ഉദ്യോഗസ്ഥരുടെ കണ്ണ്‌ തുറപ്പിക്കുക.

വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ഉൾപ്പടെ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതം പക്ഷെ ആരും ഏറ്റെടുക്കുകയോ പരിഹാരം കാണുകയോ ചെയ്യുന്നില്ല.

മികച്ച മെക്കാഡം ടാറിങ്ങും വീതിയേറിയ റോഡും ലഭിച്ചിട്ടും ആവശ്യ സമയത്തിന് ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാകാത്തതിനാൽ നാട്ടുകാർക്ക് ഉപയോഗമില്ലാതെ ആയിരിക്കുകയാണ്.
നടുവിൽ - കുടിയാൻമല ഭാഗത്തേക്ക് പോകേണ്ടവർ മണിക്കൂറുകളോളം ഒടുവള്ളിതട്ട്‌ബസ് സ്റ്റാൻഡിൽ കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോഴാണ് എതിർ ഭാഗത്തേക്ക് ഒഴിഞ്ഞ സീറ്റുമായി മിനിറ്റുകളുടെ ഇടവേളയിൽ ബസ്സുകൾ സർവീസ് നടത്തുന്നത് എന്നതാണ് ദുഃഖ കരമായ കാര്യം.

ബസ് സർവീസ് നടത്തി നഷ്ടക്കണക്ക് പറയുന്ന കെഎസ്ആർടിസി അവശ്യസമയത്ത്, ആവശ്യമുള്ള ഭാഗത്തേക്ക് ബസ് സർവീസ് നടത്താത്തതിന് എന്താണ് കാരണം എന്ന് മാത്രം ജനങ്ങൾക്ക് മനസ്സിലാകുന്നില്ല. പ്രത്യേക പഠനങ്ങൾ നടത്തി ഉന്നത ഉദ്യോഗസ്ഥർ ഉണ്ടാക്കിയ ടൈമിംഗ് ഷെഡ്യൂൾ ആണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്.

അതിനാൽ ബസുകളെ ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് സർവ്വീസ് നടത്താൻ തക്കവണ്ണം റീ ഷെഡ്യൂൾ ചെയ്യണം എന്നുള്ള ആവശ്യം നിസ്സഹായാവസ്ഥയിലും ഉയർത്തുകയാണ് നാട്ടുകാർ.