രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് തിങ്കളാഴ്ച രാവിലെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.50 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി.
ആഗോള, ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയാണ് കറൻസിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 80.99 ആയിരുന്നു. ഒമ്പത് വ്യാപാര ദിനങ്ങളിൽ എട്ടിലും രൂപയ്ക്ക് ഘട്ടം ഘട്ടമായുള്ള ഇടിവ് നേരിട്ടു. ഈ ദിവസങ്ങളിലെ നഷ്ടം 2.28 ശതമാനമാണ്.
രൂപയുടെ മൂല്യം ഉയർത്താൻ റിസർവ് ബാങ്ക് ഇതുവരെ നീക്കം നടത്തിയതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തിൽ പണലഭ്യത കുറഞ്ഞ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഉയർത്താൻ ആർബിഐ ഇടപെടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അതേസമയം, ഡോളറിന്റെ കരുത്ത് തുടരുന്നതിനാലും കറൻസികളുടെ ദൗർബല്യം മൂലമുള്ള ആഗോള സാഹചര്യത്താലും ആർബിഐയുടെ ഇടപെടൽ കാര്യമായി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം വൈകാതെ 82ലെത്താം.
രൂപയ്‌ക്കൊപ്പം മറ്റ് ഏഷ്യൻ കറൻസികളും സമ്മർദ്ദത്തിലാണ്. ദക്ഷിണ കൊറിയയുടെ വോണിന് 1.4 ശതമാനം, തായ്‌വാൻ ഡോളറിന് 0.6 ശതമാനം, തായ് ബട്ട് 0.59 ശതമാനം, ഫിലിപ്പീൻസ് പെസോ 0.57 ശതമാനം, ഇന്തോനേഷ്യൻ റുപിയ 0.53 ശതമാനം, ചൈനീസ് റെൻമിൻബി 0.53 ശതമാനം, ജാപ്പനീസ് യെൻ 0.47 ശതമാനം, മലേഷ്യൻ റിംഗിറ്റ് 0.403 ശതമാനം.