നമ്മള്‍ എന്ത് വന്നാലും നേരിടും ... പ്ലസ്‌ ടു റിസള്‍ട്ട്‌ കാത്തിരിക്കുന്ന കുട്ടികളും രക്ഷിതാക്കളും തീര്‍ച്ചയായും ഇത് മനസിലാക്കിയിരിക്കുക #MotivationforPlustwoStudents

 ഇന്ന് പ്ലസ്‌ ടു ഫലം പുറത്ത് വരികയാണ്. പതിവ് പോലെ ഫുൾ A+ ഉം മറ്റ് A+ കളും ആഘോഷിക്കപ്പെടും. അഭിനന്ദനങ്ങളും അവാർഡുകളും പ്രവഹിക്കും.
സോഷ്യൽ മീഡിയയിലും തെരുവുകളിലും വിജയികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും പറന്നുനടക്കും. അതിനിടയിൽ ഞെരിഞ്ഞു പോകുന്ന ചില മക്കളെ കുറിച്ച് ഓർമിപ്പിക്കുകയാണ്. പ്രതീക്ഷിച്ച വിജയം നേടാതെ പോകുന്നവരാണവർ. ആഘോഷിക്കപ്പെടാൻ മാത്രം A+ കിട്ടാത്തവരാണവർ.



റിസൾട്ട്‌ കാത്തിരിക്കുന്ന മക്കളുടെ രക്ഷിതാക്കളോടാണ് ആദ്യം പറയാനുള്ളത്.

 നിങ്ങൾ നിങ്ങളുടെ മക്കളെ അവരുടെ പരീക്ഷാ ഫലത്തിന്റെ പേരിൽ സമ്മർദ്ദത്തിൽ ആക്കിയവരാണോ? എങ്കിൽ കരുതിയിരിക്കുക. നഷ്ടപ്പെടുന്ന A+ കളെ കുറിച്ച് നിങ്ങൾ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ...
അവനെപ്പോലെ / അവളെപ്പോലെ നീ ആയില്ലെങ്കിൽ എന്ന് താരതമ്യം ചെയ്തിട്ടുണ്ടെങ്കിൽ.... മക്കൾ നേടുന്ന A+ കളുടെ എണ്ണമാണ് കുടുംബ ഗ്രൂപ്പുകളിലും വാട്സാപ്പ് സ്റ്റാറ്റസിലും നമ്മുടെ അഭിമാനം എന്ന് നാം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ... ഇത് നമുക്ക് തിരുത്താനുള്ള അവസാന മണിക്കൂറുകളാണ്. ഈ മാർക്കൊന്നുമല്ല ജീവിതമെന്ന് സ്വയം തിരിച്ചറിയാൻ,
അത് നമ്മുടെ മക്കളെ ബോധ്യപ്പെടുത്താൻ ഈ അവസാന സമയത്തെങ്കിലും നാം തയ്യാറാവുക. ഇല്ലെങ്കിൽ, നമ്മുടെ കണ്ണ് തെറ്റുന്ന ഏതോ ഒരു നിമിഷം വീടിനകത്തെ ഫാനിനു കീഴെ നമ്മുടെ മക്കൾ തൂങ്ങിയാടുന്നത് നാം കാണേണ്ടി വരും. അത്രയേറെ ദുർബലരാണ് നമ്മുടെ മക്കൾ. പത്താം ക്ലാസ്സിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതത്തിന്റെ ആത്യന്തികമായ ജീവിതവും പരാജയവും എന്ന് ആരൊക്കെയോ അവരെ പഠിപ്പിച്ചു വെച്ചിരിക്കുന്നു.

അതല്ലെന്ന്, അതിനപ്പുറവും ലോകവും ജീവിതവും ഉണ്ടെന്ന് ഇന്ന് 3മണി വരെയുള്ള സമയത്ത് അവരെ പറഞ്ഞ് മനസിലാക്കുക.  വിജയത്തിലും നേട്ടത്തിലും മാത്രമല്ല,പരാജയത്തിലും നഷ്ടത്തിലും അവരെ ചേർത്ത് പിടിക്കാൻ നാം ഉണ്ടാവും എന്ന് അവരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക.
ഒരു ഫ്ളക്സിലും അവരുടെ ഫോട്ടോ വന്നില്ലെങ്കിലും നമ്മുടെ നെഞ്ചകത്ത് അവരെ കൊത്തിവെച്ചിട്ടുണ്ട് എന്ന് അവർക്ക് ഉറപ്പ് നൽകുക .

ഇനി പറയാനുള്ളത് റിസൾട്ട്‌ കാത്തിരിക്കുന്ന വിദ്യര്‍തികളോടാണ്. പ്രിയപ്പെട്ട കുട്ടികളെ ,നിങ്ങളാണ് നിങ്ങളുടെ രക്ഷിതാക്കൾക്ക് വലുത്.  അല്ലാതെ നിങ്ങൾ നേടുന്ന സർട്ടിഫിക്കറ്റുകൾ അല്ല.നിങ്ങളില്ലാത്ത വീട്ടിൽ എന്തിനാണ് നിങ്ങളുടെ കടലാസുകൾ? നിങ്ങളുടെ കലപില ശബ്ദങ്ങൾ ഇല്ലാതെ എന്തിനാണ് ഞങ്ങൾക്ക് നിങ്ങളുടെ A+ കൾ? ഒരു പാട് വാതിലുകൾ നമുക്ക് മുന്നിലുണ്ട്. മുന്നോട്ടുള്ള പഠനത്തിനു എവിടെയും പ്രവേശനം ലഭിച്ചില്ലെങ്കിൽ പോലും നിങ്ങൾ പരാജയപ്പെടില്ല. പ്ലസ് ടു വിന് പഠിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ മുന്നിൽ ജീവിതമുണ്ട്.പിന്നെ നിങ്ങളെന്തിന് പേടിക്കണം?

ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും നിങ്ങളുടെ പുഞ്ചിരിയുണ്ടെങ്കിൽ ഏത് സമുദ്രമാണ് നീന്തിക്കടക്കാൻ പ്രയാസമുള്ളത്? വിജയത്തിൽ സന്തോഷിക്കുന്നത് പോലെ പരാജയത്തിൽ നമുക്ക് സമാധാനിക്കാൻ കഴിയണം. അത് വിജയത്തിലേക്കുള്ള വഴിയാക്കാൻ കഴിയണം.
പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. 

തോല്‍വിയും ജയവും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.എല്ലായിപ്പോഴും തോറ്റുകൊണ്ട് ഇരിക്കില്ല. ഇന്ന് ജയമാണെങ്കില്‍ നാളെ തോല്‍വി ആയിരിക്കും. എന്നും ജയിച്ചു ജീവിക്കണം എന്ന് വാശി പിടിക്കരുത്. നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതാണ്‌ നിങ്ങളുടെ വിജയം. അല്ലാതെ ഒന്നോ രണ്ടോ എ പ്ലസുകളില്‍ അല്ല.

എന്ത് വന്നാലും ധൈര്യപൂര്‍വ്വം നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും.. നിങ്ങള്‍ ഓരോരുത്തരും അടിപൊളിയാണ്.എന്ത് വന്നാലും ഞാന്‍ ഓക്കേ ആണ് എന്ന മനോഭാവത്തില്‍ മുന്നോട്ട് പോകുക.. 

                     Wish You All The Best Dears....
                                                               _________