അരളി പൂവ് നിവേദ്യമോ കൊടും വിഷമോ ? വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം #Oleander

 വീടിന് ഐശ്വര്യവും ഭംഗിയും തരുന്ന ചെടികൾ വള‍ർത്താൻ പൊതുവെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. പൂക്കൾ ഭംഗിയും പോസിറ്റിവിറ്റിയുമൊക്കെ നൽകുന്നതാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ ചില പൂക്കൾ വിഷാംശമുള്ളതാണെന്ന് പലർക്കും അറിയില്ല. അരളി പൂവിനെക്കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോൾ ച‍ർച്ചയായി കൊണ്ടിരിക്കുന്നത്.ഫോണില്‍ സംസാരിക്കവേ അരളി പൂവ് കഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ഞെട്ടലോടെയാണ് നാം കേട്ടത്.

ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. രാവിലെ 11.30ന് പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 

എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു.

വാസ്തവത്തില്‍ അരളിപൂവ് തന്നെയാണോ മരണകാരണം? അങ്ങനെയെങ്കില്‍ അരളിപ്പൂവ് വിഷമാണോ? ഇത്തരം ധാരാളം സംശയങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാവും. ഇതിന്റെ വാസ്തവം നമുക്ക് ഒന്ന് പരിശോധിച്ചാലോ...

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്‌കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു

 അരളി വിഷമാകുന്നത് എപ്പോള്‍ ? 


 

അരളിപ്പൂവും ഇവയുടെ തണ്ടും ഇലയും വളരെ വിഷമയമാണ്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം. അരളി കഴിച്ചാൽ ഉടൻ മരണം സംഭവിക്കില്ല. പക്ഷേ, ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ചിരിക്കും ആരോഗ്യസ്ഥിതി. അരളിയുടെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം, എന്നിവയെ ബാധിക്കാം. മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർക്ക് അരളിയുടെ വിഷംകൂടി അകത്ത് ചെന്നാൽ മരണം വരെ സംഭവിക്കാം.

മിക്ക ക്ഷേത്രങ്ങളിലും നിലവിൽ അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷങ്ങൾക്ക് മുൻപേ തന്നെ അരളിപ്പൂവ് നിവേദ്യത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അബദ്ധത്തില്‍ അരളി കഴികുകയോ മറ്റോ ചെയ്‌താല്‍ എത്രയും വേഗം വൈദ്യ സഹായം തേടേണ്ടതാണ്. രോഗിയോടൊപ്പം കഴിച്ച  ചെടിയുടെ ഭാഗങ്ങള്‍ കൂടി കൊണ്ട് പോകുന്നത് നന്നായിരിക്കും.

ഇന്ന് നവമാധ്യമങ്ങളിലൂടെയും മറ്റും  സൗന്ദര്യവര്‍ധനവിനും, ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഔഷധകൂട്ടുകള്‍ എന്ന പേരില്‍ ഒറ്റമൂലികളും  പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്ക് പിന്നില്‍ ഇത്തരം അപകടകരമായ കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.