അറിയാം പ്രതിരോധിക്കാം ശ്വാസകോശ രോഗങ്ങളെ...

സാധാരണയായി കണ്ടുവരുന്ന ശ്വാസകോശരോഗമാണ്‌ സിഒപിഡി(Chronic Obstructive Pulmonary Disease). വിട്ടുമാറാത്ത ചുമ, അമിതമായ കഫക്കെട്ട്‌, ശ്വാസംമുട്ടൽ, കുറുങ്ങൽ, നിരന്തരമായ ശ്വാസകോശ അണുബാധ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ. മരണകാരണമാകാവുന്ന അസുഖങ്ങളിൽ നാലാം സ്ഥാനമുണ്ട്‌ ഈ വില്ലന്‌. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ഈ അസുഖം വ്യാപകമാകാൻ കാരണമാകുന്നു.

സിഒപിഡി ചെറിയ ശ്വാസനാളങ്ങളെയും ആൽവിയോളികളേയും(ശ്വാസകോശത്തിലെ ചെറിയ അറകൾ) പ്രധാനമായി ബാധിക്കുന്നു. പുകവലി, ജനങ്ങൾ തിങ്ങിപാർക്കുന്നത്‌, പുകയടുപ്പ്‌ ഉപയോഗം,ചില ജനിതക ശ്വാസകോശ രോഗങ്ങൾ എന്നിവയാണ്‌ മറ്റു പ്രധാന കാരണങ്ങൾ. ഇവ ശ്വാസനാളങ്ങളുടെ വളർച്ച കുറയ്‌ക്കുകയും നീർക്കെട്ട്‌ ഉണ്ടാക്കുകയും അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

എംഫിസെമ, ക്രോണിക്‌ ബ്രോങ്കൈറ്റിസ്‌ എന്നിങ്ങനെ സിഒപിഡി രണ്ടു തരത്തിലുണ്ട്‌.  ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയനുസരിച്ച്‌  ഇവയെ തരംതിരിക്കാം. പൾമണറി ഫങ്‌ഷൻ ടെസ്‌റ്റാണ്‌ അസുഖം തിരിച്ചറിയാൻ ആദ്യം നടത്തേണ്ടത്‌. രോഗിയുടെ അസുഖ തീവ്രതയനുസരിച്ച്‌ ഡോക്ടർ മരുന്നുകൾ നിശ്‌ചയിക്കുന്നു.  ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ മറ്റ്‌ അവയവങ്ങളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്‌ക്കാം. പുകവലിക്കുന്നവർ മരുന്നുകൾ ഉപയോഗിക്കുേന്പാൾ നിർബന്ധമായും ഇത്‌ ഉപേക്ഷിക്കണം. സ്ഥിരമായി ശ്വാസകോശ വ്യായാമം ചെയ്യുന്നതിലൂടെ അസുഖം വർധിക്കുന്നത്‌ തടയാം.

കൃത്യമായി മരുന്ന്‌ കഴിക്കാതിരുന്നാൽ അസുഖം കൂടുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകുകയും ചെയ്യും. നവംബർ 20 ആണ്‌ ലോക  സിഒപിഡി ദിനമായി ആചരിക്കുന്നത്‌.

ഡോ. ടി വി അശ്വതി , പൾമണോളജി ഡിപ്പാർട്ടുമെന്റ്‌, എസ്‌യുടി പട്ടം