വോയേജർ 2 നക്ഷത്ര മണ്ഡലത്തിൽ

വാഷിങ്‌ടൺ : നാല്‌ പതിറ്റാണ്ടുമുമ്പ്‌ ഭൂമിയിൽനിന്ന്‌ പുറപ്പെട്ട നാസയുടെ ബഹിരാകാശപേടകം വോയേജർ 2  സൗരയുഥം പിന്നിട്ട്‌ നക്ഷത്രമണ്ഡലത്തിലെത്തി. ഹീലിയോസ്‌പിയർ എന്നറിയപ്പെടുന്ന സൂര്യന്റെ സ്വാധീനമേഖല കടക്കുന്ന  രണ്ടാമത്തെ ബഹിരാകാശവാഹനമാണ്‌ വോയേജർ 2.

2012ൽ ഇതിന്റെ ഇരട്ടപ്പേടകമായ വോയേജർ 1 ഈ നേട്ടം കൈവരിച്ചിരുന്നു.

സൂര്യനിൽനിന്ന്‌ 1100 കോടി മൈൽ അകലെയാണ്‌ വോയേജർ 2 ഇപ്പോൾ. 2018 നവംബർ അഞ്ചിന്‌ പേടകം സൗരയുഥം കടന്നതായാണ്‌ അമേരിക്കയിലെ അയോവ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്‌. നേച്ചർ അസ്‌ട്രോണമി ജേണലിലാണ്‌ ഇതിന്റെ വിവരം പ്രസിദ്ധീകരിച്ചത്‌. പേടകത്തിലെ പ്ലാസ്‌മ തരംഗ ഉപകരണം പ്ലാസ്‌മ സാന്ദ്രതയിലെ കുതിച്ചുചാട്ടം കണ്ടെത്തിയതാണ്‌ വോയേജർ 2വും സൂര്യന്റെ സ്വാധീനവലയം കടന്നത്‌ മനസ്സിലാക്കാൻ സഹായകമായത്‌. സൂര്യന്റെ സ്വാധീനപരിധിയിൽ പ്ലാസ്‌മയ്‌ക്ക്‌ ചൂട്‌ കൂടുതലും സാന്ദ്രത കുറവുമായിരിക്കും. അതുകടന്ന്‌ നക്ഷത്ര മണ്ഡലത്തിലാകുന്നതോടെ തണുത്ത്‌ സാന്ദ്രത കൂടിയ നിലയിലാകും.

1977 ആഗസ്ത് 20 നാണ്‌ നാസ  വോയേജർ 2 വിക്ഷേപിച്ചത്‌. 16ദിവസം കഴിഞ്ഞ്‌  സെപ്‌തംബർ അഞ്ചിന്‌ വോയേജർ 1  വിക്ഷേപിച്ചു. ബാഹ്യഗ്രഹങ്ങളെക്കുറിച്ചും ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും  പഠിക്കുന്നതിനായിരുന്നു ദൗത്യങ്ങൾ.