അഞ്ച് മാസത്തെ പെൻഷൻകൂടി അടുത്ത ആഴ്ച്ച ; ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വെള്ളിയാഴ്‌ചമുതൽ വിതരണം ചെയ്യും | Due to Corona, Kerala Govt. Give Last Five Month on Next Week

തിരുവനന്തപുരം : സംസ്ഥാനത്ത്‌ അഞ്ചുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും.  വെള്ളിയാഴ്‌ച വിതരണം തുടങ്ങുന്ന രണ്ടുമാസത്തെ പെൻഷനു പുറമെയാണിത്‌.  അഞ്ചുമാസത്തെ പെൻഷൻ അടുത്ത ആഴ്‌ച ആദ്യം വിതരണം ആരംഭിക്കും. ഇതോടെ ഒക്ടോബർമുതലുള്ള ഏഴുമാസത്തെ പെൻഷൻ 52 ലക്ഷം കുടുംബത്തിലെത്തും. ഏപ്രിലിലെ പുതുക്കിയ പെൻഷനും മുൻകൂർ നൽകാൻ ധനമന്ത്രി തോമസ്‌ ഐസക്‌ നിർദേശിച്ചു.

പ്രതിസന്ധികാലത്ത് ജനങ്ങളുടെ കൈയിൽ പണമെത്തിക്കുമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ പാലിക്കുകയാണ്. ഓരോരുത്തർക്കും കുറഞ്ഞത്‌ 8500 രൂപവീതം 52 ലക്ഷം പേർക്ക്‌  ലഭ്യമാകും.  ഒന്നിലേറെ പേർക്ക്‌ പെൻഷൻ ലഭിക്കുന്ന കുടുംബങ്ങളും ഒട്ടേറെ. ഇവർക്ക്‌ ദുരിതകാലം മറികടക്കാൻ പെൻഷൻ സഹായമാകും.

ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വിതരണത്തിന്‌ 1204 കോടി രൂപ അനുവദിച്ചത്‌ വെള്ളിയാഴ്‌ചമുതൽ വിതരണം ചെയ്യും. 557.78 കോടി രൂപ ബാങ്ക്‌ അക്കൗണ്ടുവഴിയും ബാക്കി പ്രാഥമിക സഹകരണ സംഘങ്ങൾവഴി നേരിട്ടും ഗുണഭോക്താവിന്‌ ലഭിക്കും. ഇതിന്റ തുടർച്ചയായാണ്‌ അഞ്ചുമാസത്തെ പെൻഷൻ.  ഇതിന്‌ 3060 കോടി രൂപ  ആവശ്യമാണ്‌. രണ്ടു ഘട്ട പെൻഷൻ വിതരണത്തിന്‌ നീക്കിവയ്‌ക്കുന്നത്‌ 4264 കോടി രൂപയും. ബജറ്റ്‌ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽമുതൽ 1300 രൂപയാണ്‌ പെൻഷൻ.