കോവിഡ്‌-19 സ്ഥിതി രൂക്ഷമാകുന്നതിനിടയിൽ രാജ്യത്ത്‌ ട്രെയിൻ സർവ്വീസുകൾ ചൊവ്വാഴ്‌ച (12 മെയ് 2020) മുതൽ; ഇന്ന് മുതൽ ബുക്കിങ്‌ ആരംഭിക്കും

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ ബാധിതർ വർധിക്കുമ്പോഴും അടച്ചിടൽ നടപടികളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌ കേന്ദ്രം. ചൊവ്വാഴ്‌ച മുതൽ യാത്രാ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന്‌ റെയിൽവേ. തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക്‌ ഡൽഹിയിൽനിന്ന്‌ സർവീസ്‌ നടത്തും. മൂന്നാംഘട്ട അടച്ചിടൽ അടുത്ത ഞായറാഴ്‌ച അവസാനിക്കാനിരിക്കെ തിങ്കളാഴ്‌ച പകൽ മൂന്നിന്‌‌ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ്‌ സ്ഥിതിഗതി  വിലയിരുത്തും.

നാളെ 15 ട്രെയിൻ ഓടും
ഡൽഹിയിൽനിന്ന്‌ 15 സ്ഥലത്തേക്കും തിരിച്ചും ചൊവ്വാഴ്‌ച മുതൽ ട്രെയിനുകളോടും. എസി കോച്ചുകളാണുണ്ടാകുക. ബുക്കിങ്‌ ഐആർടിസിയിലൂടെ തിങ്കളാഴ്‌ച പകൽ നാലുമുതൽ ആരംഭിക്കും. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓൺലൈൻ ബുക്കിംഗ് നടത്തുക . സാധാരണ എസി നിരക്കാകും. കുറച്ച്‌ സ്‌റ്റോപ്പ്‌ മാത്രം. തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്‌, ജമ്മു, മഡ്‌ഗാവ്‌, സെക്കന്തരാബാദ്‌, ഭുവനേശ്വർ, റാഞ്ചി, ബിലാസ്‌പുർ, പട്‌ന, ഹൗറ, അഗർത്തല, ദിബ്രുഗഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ ട്രെയിനുകൾ. ഇവിടെനിന്ന്‌ തിരിച്ച്‌ ഡൽഹിയിലേക്കും ട്രെയിൻ ഓടും.
യാത്രക്കാർക്ക്‌ മാസ്ക് നിർബന്ധം. സാമൂഹ്യ അകലം പാലിക്കണം. ടിക്കറ്റുള്ളവർക്കു മാത്രം സ്‌റ്റേഷനുകളിൽ വരാൻ അനുമതി. സ്‌ക്രീനിങ്ങുണ്ടാകും. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിർത്തും. ഉത്തരേന്ത്യയിലടക്കം കുടുങ്ങിയ മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക ട്രെയിനിന്‌ ശ്രമിക്കുന്നതിനിടെയാണ്‌ തിരുവനന്തപുരത്തേക്ക്‌ അടക്കം റെയിൽവേ സർവീസ്‌ പുനരാരംഭിക്കുന്നത്‌. 

പ്രധാനമന്ത്രിയുടെ കോൺഫറൻസ് ഇന്ന്‌
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ അഞ്ചാമത്‌ കൂടിക്കാഴ്ചയാണ് തിങ്കളാഴ്‌ച പകൽ മൂന്നിന്‌ നടക്കുക‌‌. 17നുശേഷം സ്വീകരിക്കേണ്ട നടപടി ചർച്ച ചെയ്യും.  രോഗം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തികപ്രവർത്തനങ്ങൾ വർധിപ്പിക്കുകയെന്ന നിർദേശം സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചതായി കേന്ദ്രം. റെഡ്‌ സോണുകളിൽ നിയന്ത്രണങ്ങൾ തുടർന്നുകൊണ്ട്‌ മറ്റിടങ്ങളിൽ പരാമവധി ഇളവ്‌  നൽകിയേക്കും.നൽകിയേക്കും.