കോവിഡ്-19 : പൊതുപരീക്ഷാ മുന്നൊരുക്കങ്ങള്‍ ആയി ; അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ള നിര്‍ദ്ദേശങ്ങള്‍ വായിക്കാം


തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ അവശേഷിക്കുന്ന പരീക്ഷകൾ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. മെയ് 26 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക.

1. കർശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമാദ്ധ്യാപകർക്കും നൽകി.


2. പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ,പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കൽ, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷാ ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ, പരീക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ എന്നിവയും നൽകി.


3. കണ്ടെയിൻമെൻറ് സോൺ ഉൾപ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകൾ, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്നിവയിലും ധാരണയായിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾക്ക് 14 ദിവസം ക്വാറൻറൈൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ൻമെൻറ് സോണുകളിലുള്ളവർക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും. ഹോം ക്വാറൻറൈനിൽ ആളുകൾ കഴിയുന്ന വീടുകളിൽനിന്ന് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യമായിരിക്കും. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഇതിൻറെ അടിസ്ഥാനത്തിൽ വൈദ്യപരിശോധന വേണ്ടവർക്ക് അത് നൽകാനുള്ള സംവിധാനവും സ്‌കൂളുകളിലുണ്ടാകും.

അധ്യാപകർക്ക് ഗ്ലൗസ് നിർബന്ധമാണ്. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാൻ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും ഫയർഫോഴ്‌സിൻറെ സഹായത്തോടെ അണുവിമുക്തമാക്കും.

തെർമൽ സ്‌ക്രീനിംഗിനായി പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് അയ്യായിരം ഐആർ തെർമോമീറ്റർ വാങ്ങും. ആവശ്യമായ സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാദ്ധ്യാപകർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകി.


4. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകൾ അടങ്ങിയ അറിയിപ്പും, മാസ്‌ക്കും, കുട്ടികൾക്ക് വീടുകളിൽ എത്തിക്കാൻ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ കുട്ടികൾക്ക് മാസ്‌ക്കുകൾ എൻഎസ്എസ് വഴി വിതരണം ചെയ്യും.

5. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഫയർഫോഴ്‌സ്, പൊലീസ്, ഗതാഗത വകുപ്പ് എന്നിവരുടെ പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും.

6. പരീക്ഷാ കേന്ദ്രമാറ്റത്തിനായി എസ്എസ്എൽസി (1866), എച്ച്എസ്ഇ (8835), വിഎച്ച്എസ്ഇ (219) വിഭാഗങ്ങളിലായി 10920 കുട്ടികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്കാവശ്യമായ ചോദ്യ പേപ്പറുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ അനുവദിക്കപ്പെട്ട വിദ്യാലയങ്ങളിൽ എത്തിക്കും.

7. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിനാ വശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഗൾഫിലെ സ്‌കൂളുകളിൽ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.

8. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിന് സൗകര്യപ്പെടു ത്താനുമുള്ള അവസരം ഒരുക്കും. ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തീയതികളിൽ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷയ്‌ക്കൊപ്പം റഗുലർ പരീക്ഷ നടത്തി അവസരം ഒരുക്കുന്നതാണ്.

9. പരീക്ഷയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരികരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറകടർ ഓഫീസുകളിലും 23.05.2020 മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.