Subscribe Us

ആശ്വാസത്തോടെ കേരളം; ഇന്നും ആർക്കും കോവിഡില്ല, 7 പേർക്ക്‌ രോഗമുക്തി : ചികിത്സയില്‍ 30 പേര്‍; എട്ടു ജില്ലകള്‍ കൊവിഡ് മുക്തം

തിരുവനന്തപുരം : വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഏഴുപേര്‍ രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

രോഗം ബാധിച്ച് 30 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.  എട്ടു ജില്ലകള്‍ കൊവിഡ് മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് കൊവിഡ് മുക്ത ജില്ലകള്‍. പുതിയ ഹോട്ട് സ്‌പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ലോക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ടുപോയ മലയാളികള്‍ നാളെ മുതല്‍ കേരളത്തിലെത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നത്. നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെ ഇടപെടും. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതല്‍ ആ ജാഗ്രത ഉണ്ടാകണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്.

ദില്ലി ജാമിയ മിലിയയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച ഒരു നിര്‍ദേശം ഈ മാസം 15ന് മുമ്പ് ഹോസ്റ്റല്‍ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദില്ലി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നാണ് ആവശ്യം. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

1200-ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരാന്‍ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ദില്ലിയില്‍, 348 പേര്‍ പഞ്ചാബില്‍, 89 പേര്‍ ഹരിയാനയില്‍, ഹിമാചലില്‍ 17 പേര്‍ ഉണ്ട്. ദില്ലിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയിലെത്തി യാത്ര തുടങ്ങാനാകും.

പ്രത്യേക ട്രെയിനിന്റെ തീയതി കിട്ടിയാല്‍ വിദ്യാര്‍ത്ഥികളെ ദില്ലിയില്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുമായും കേന്ദ്രവുമായും ബന്ധപ്പെടുന്നു.ഇതരസംസ്ഥാനങ്ങങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ 6802 പേരാണ് എത്തിയത്. 2,03,189 പേര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തു. പാസ്സ് തേടിയത് 69,108 പേരാണ്. 32,878 പാസ്സുകള്‍ വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു.