ആന പടക്കം കടിച്ച്‌ മുറിവേറ്റ്‌ ചരിഞ്ഞ സംഭവത്തിൽ തെറ്റ് തിരുത്തി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി : പാലക്കാട്‌ ഗർഭിണിയായ ആന പടക്കം കടിച്ച്‌ മുറിവേറ്റ്‌ ചരിഞ്ഞ സംഭവത്തിൽ നിലപാടു തിരുത്തി കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയം. ആനയ്‌ക്ക്‌ ആരും ബോധപൂർവം പടക്കം നൽകിയതല്ലെന്നും കാട്ടുപന്നിക്ക്‌ വച്ച പടക്കം അബന്ധത്തിൽ കടിച്ചാണ്‌ മുറിവേറ്റതെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന്‌ ശേഷമാണ്‌ നിലപാടുമാറ്റം‌.

ആന ചരിഞ്ഞത്‌ മലപ്പുറത്താണെന്നും ബോധപൂർവം പടക്കം വച്ച കൈതച്ചക്ക നൽകി കൊല്ലുകയായിരുന്നുവെന്നും പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയും അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സംഘപരിവാർ പ്രവർത്തകരും വ്യാപകപ്രചാരണം നടത്തി. വിരാട്‌ കോഹ്‌ലി, രോഹിത്‌ ശർമ തുടങ്ങിയ ക്രിക്കറ്റ്‌ താരങ്ങളും കേരളത്തെ വിമർശിച്ച്‌ രംഗത്തുവന്നു. സീ ന്യൂസ്‌, റിപ്പബ്ലിക്‌ ടിവി തുടങ്ങിയ ഹിന്ദി–- ഇംഗ്ലീഷ്‌ ചാനലുകളും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. കേരളം നിഷ്‌പക്ഷമായ അന്വേഷണം നടത്തുന്നുണ്ടെന്ന്‌ കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു‌. ഒരാളെ പിടികൂടി. മറ്റ്‌ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്‌. ആരും വ്യാജവാർത്തകളോ അഭ്യൂഹങ്ങളോ സൃഷ്ടിക്കരുത്‌–- മന്ത്രാലയം അറിയിച്ചു.